Kerala

ഡ്രൈവിങ് ലൈസൻസ് നേടുന്നതിന് ഇനി ഒരു പരീക്ഷ കൂടി പാസാകണം.,റോഡിലെ അപകടസാധ്യതകളും തടസങ്ങളും മുൻകൂട്ടി തിരിച്ചറിയാനുള്ള കഴിവ് പരിശോധിക്കുന്ന ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് ഡിസംബർ ഒന്ന് മുതൽ സംസ്ഥാനത്ത് നിർബന്ധമാക്കും

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് നേടുന്നതിന് ഇനി ഒരു പരീക്ഷ കൂടി പാസാകണം. റോഡിലെ അപകടസാധ്യതകളും തടസങ്ങളും മുൻകൂട്ടി തിരിച്ചറിയാനുള്ള കഴിവ് പരിശോധിക്കുന്ന ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് ഡിസംബർ ഒന്ന് മുതൽ സംസ്ഥാനത്ത് നിർബന്ധമാക്കും. ഗതാഗത കമ്മിഷണർ സി. നാഗരാജുവിന്റെ നിർദേശപ്രകാരമാണ് പുതിയ പരീക്ഷ ഏർപ്പെടുത്തുന്നത്.

കംപ്യൂട്ടർ അധിഷ്ഠിതവും വീഡിയോ ഗെയിം മാതൃകയിലുമാണ് പരീക്ഷ. ലേണേഴ്സ് ലൈസൻസ് ലഭിച്ച് 30 ദിവസത്തിന് ശേഷമായിരിക്കും ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്. ഇത് വിജയിച്ചാൽ മാത്രമേ ഗ്രൗണ്ട്, റോഡ് ടെസ്റ്റുകളിൽ പങ്കെടുക്കാൻ അർഹതയുണ്ടാകൂ. ഇതോടെ ലൈസൻസ് പരീക്ഷയുടെ ഘടന ലേണേഴ്സ് ടെസ്റ്റ്, ഹസാർഡ് ടെസ്റ്റ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിങ്ങനെ നാല് ഘട്ടങ്ങളാകും. ഒരു മിനിറ്റ് വീതം ദൈർഘ്യമുള്ള പത്ത് വീഡിയോ ക്ലിപ്പുകളാണ് പരീക്ഷയിലുണ്ടാകുക. ഓരോ വീഡിയോയിലും റോഡിൽ ഉണ്ടാകാനിടയുള്ള അപകടസാധ്യതകളും തടസങ്ങളും ഉൾപ്പെടുത്തിയിരിക്കും. വീഡിയോ കാണുന്നതിനിടെ അപകടസാധ്യത കൃത്യസമയത്ത് തിരിച്ചറിഞ്ഞ് മൗസ് ക്ലിക്ക് ചെയ്ത് പ്രതികരിക്കണം. വൈകിയാൽ മാർക്ക് കുറയും. ഓരോ ക്ലിപ്പിനും പരമാവധി 10 മാർക്ക് വീതം ലഭിക്കും. ആകെ 100 മാർക്കിൽ കുറഞ്ഞത് 60 മാർക്ക് നേടിയാൽ മാത്രമേ പരീക്ഷ പാസാകൂ.

പുതിയ പരീക്ഷയ്ക്കായി ഡ്രൈവിങ് സ്കൂളുകളിൽ പരിശീലന സൗകര്യങ്ങൾ ഒരുക്കണം. ഒക്ടോബർ ഒന്ന് മുതൽ ആർടിഒമാർ ഡ്രൈവിങ് സ്കൂളുകളിലെ സൗകര്യങ്ങൾ പരിശോധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ വിദ്യാർഥികൾക്ക് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പരിശീലനം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. റോഡപകടങ്ങൾ കുറയ്ക്കുകയും ഡ്രൈവർമാരുടെ അപകടസാധ്യത തിരിച്ചറിയാനുള്ള ശേഷി മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് പുതിയ പരീക്ഷയുടെ ലക്ഷ്യം. ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റിനായി സിമുലേഷൻ സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും വാങ്ങുന്നതിന് സംസ്ഥാന സർക്കാർ നേരത്തെ ഭരണാനുമതിയും നൽകിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top