തിരുവനന്തപുരം: ബൗൺസർമാർക്ക് നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന ആഭ്യന്തരവകുപ്പ്. ആൾക്കൂട്ട നിയന്ത്രണത്തിനും സെലിബ്രിറ്റി സുരക്ഷയ്ക്കുമെത്തുന്ന സ്വകാര്യ സുരക്ഷാ ജീവനക്കാരായ ബൗൺസർമാർ ഇനി വേണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

സർക്കാർ സംഘടിപ്പിക്കുന്ന പൊതു പരിപാടികളുടെ ക്രസമാധാന ചുമതലയും പങ്കെടുക്കുന്നവരുടെ സുരക്ഷാ ചുമതലയും ഇനി മുതൽ ബൗൺസർമാർക്ക് നൽകേണ്ടതില്ലെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ നിർദേശം.

ബൗൺസർമാർ സുരക്ഷയൊരുക്കുന്ന പരിപാടികളിൽ പ്രശ്നങ്ങളുണ്ടാകുന്നത് കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പിന്റെ പുതിയ തീരുമാനം. സെലിബ്രിറ്റികൾക്ക് സുരക്ഷ നൽകുന്നുവെന്ന പേരിൽ ബൗൺസർമാർ കാട്ടുന്ന അമിതാധികാരവും
കടന്നുകയറ്റവും ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും, ഇത് വിവിധ വകുപ്പുകൾതമ്മിലുള്ള ഏകോപനത്തെ ബാധിക്കുന്നതായും കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ആഭ്യന്തര വകുപ്പ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.