Kerala

എൻ സി പി ഔദ്യോഗിക വിഭാഗത്തിൽ ചേരി തിരിവ്:ശരത് പവാർ പക്ഷത്തേക്ക് ഒഴുക്ക്

ക്ളോക്കിന്റെ സൂചി ഒടിയുമോ ;ഒടിയുമെന്നാണ് അവസാനം ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്നാം മോദി സര്‍ക്കാരിൽ നിന്ന് മാറ്റി നിർത്തപ്പെട്ടതോടെ എൻസിപി ഔദ്യോഗിക പക്ഷം പിളരുമെന്ന അഭ്യൂഹം ശക്തം. ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണ് മന്ത്രിപദത്തിന് വിലങ്ങു തടിയായത്. എന്നാൽ മഹാരാഷ്ട്രയിലെ പ്രധാനസഖ്യകക്ഷിയെ അനുനയിപ്പിക്കാനുളള നീക്കം സജീവമാക്കുകയാണ് ബിജെപി.

സീറ്റു വിഭജനത്തിൽ തുടങ്ങിയ അവഗണന, തെരഞ്ഞെടുപ്പിലേറ്റ വലിയ പരാജയം, പ്രതീക്ഷിച്ച കാബിനറ്റ് മന്ത്രി പദം ലഭിക്കാത്തതുമാണ് എൻസിപി അജിത് പവാര്‍ പക്ഷത്തെ പിളര്‍പ്പിലേക്ക് നയിക്കുന്നത്. പ്രഫുൽ പട്ടേലിന് സഹമന്ത്രി സ്ഥാനമാണ് ബിജെപി വാഗ്ദാനം ചെയ്തത്.

വിലപേശൽ ശക്തി നഷ്ടപെട്ട എൻസിപി എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. നാല് സീറ്റിൽ മാത്രം മത്സരിച്ച പാർട്ടിക്ക് ഒറ്റ സീറ്റാണ് ലഭിച്ചത്. പശ്ചിമ മഹാരാഷ്ട്ര അടക്കം പരമ്പരാഗത എൻസിപി ശക്തി കേന്ദ്രങ്ങളിൽ ജനം ശരദ് പവാറിനൊപ്പം നിന്നു. ഈ മാറ്റം തിരിച്ചറിഞ്ഞാണ് ബിജെപി നീക്കം.

40 എംഎൽഎമാരുളള എൻസിപി കടലാസിൽ ഇപ്പോഴും കരുത്തരാണ്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ എംഎൽഎമാരുടെ പിന്തുണയും അജിത് പവാറിനുണ്ട്. മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ കേന്ദ്രസര്‍ക്കാരിൽ കാബിനറ്റ് പദവി അജിത് പവാറിനും അഭിമാന പ്രശ്നമായി മാറി. മഹാരാഷ്ട്രയിലെ കനത്ത തോൽവിക്ക് പിന്നാലെ ശരദ് പവാ‍ർ പക്ഷവുമായും ബിജെപിയുമായും എൻസിപി ഔദ്യോഗിക ചേരിയിലെ എംഎൽഎമാർ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

അജിത് പവാർ വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ നിന്ന് അഞ്ച് പേർ വിട്ടു നിന്നതും ഇക്കാരണത്താലെന്നാണ് വിലയിരുത്തൽ. പ്രതിസന്ധി മറികടക്കാൻ അജിത് പവാര്‍ എന്ത് വഴി തേടിയാലും മഹാരാഷ്ട്രയെ മറ്റൊരു രാഷ്ട്രീയ നാടകത്തിന് വേദിയാക്കുമെന്നാണ്  വ്യക്തമാകുന്നത്.അതേസമയം കാലുമാറ്റത്തിൽ റിക്കോർഡ് സ്ഥാപിച്ച പഴയ ഉടുമ്പൻചോല എം എൽ എ മാത്യു സ്റ്റീഫൻ അജിത് പവാർ പക്ഷത്തിന്റെ കേരളാ സംസ്ഥാന സെക്രട്ടറിയാണ്.അസുഖ ബാധിതനാണെങ്കിലും  അദ്ദേഹവും കാലുമാറാനുള്ള ഒരുക്കത്തിലെന്നാണ് റിപ്പോർട്ടുകൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top