Kerala

സംസ്ഥാന വ്യാപകമായി നിക്ഷേപകരിൽ നിന്ന് 500 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതികളുടെ അടിസ്ഥാനത്തിൽ നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ.എം.രാജുവിനെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല/കോട്ടയം: സംസ്ഥാന വ്യാപകമായി നിക്ഷേപകരിൽ നിന്ന് 500 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതികളുടെ അടിസ്ഥാനത്തിൽ നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ.എം.രാജുവി(രാജു ജോർജ്)നെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. രാജുവിന് പുറമേ ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരാണ് തിരുവല്ല പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവർക്കെതിരേ തിരുവല്ല സ്റ്റേഷനിൽ പത്തും പുളിക്കീഴ് മൂന്നും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും പരാതികൾ ലഭിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂർ, ആലപ്പുഴ ജില്ലകളിലായി നൂറു കണക്കിന് നിക്ഷേപകരിൽ നിന്ന് കോടികളാണ് എൻ.എം. രാജു നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്.

നെടുംപറമ്പിൽ ഫിനാൻസ്, നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഇങ്ങനെയുള്ള ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ് പണം സ്വീകരിച്ചത്. റിയൽ എസ്റ്റേറ്റ്, ടെക്സ്റ്റയിൽസ് മേഖലകളിലാണ് പണം നിക്ഷേപിച്ചിരുന്നത്. കേരളാ കോൺഗ്രസ് എം സംസ്ഥാന ട്രഷറർ ആയിരുന്നു. മൂന്നു മാസം മുൻപ് ഇദ്ദേഹത്തെ ആ പദവിയിൽ നിന്ന് നീക്കം ചെയ്യുവെന്ന് കേരളാ കോൺഗ്രസ് (എം) വൃത്തങ്ങൾ  പറയുന്നു. മുൻപ് കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റായിരുന്നു.

കെ.എം. മാണിയുടെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. രാജുവിനെതിരേ നിരവധി പരാതികൾ വന്നെങ്കിലും  പൊലീസ് നടപടി എടുക്കുന്നില്ല എന്ന ആക്ഷേപം വ്യാപകമായി ഉയർന്ന സാഹചര്യത്തിലാണ് രാജുവിന്റേയും കുടുംബത്തിൻ്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.

അമേരിക്ക, ഗൾഫ് രാജ്യങ്ങൾ, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശമലയാളികളിൽ നിന്നാണ് രാജുവിന്റെ നെടുംപറമ്പിൽ സിൻഡിക്കേറ്റ് പണം സമാഹരിച്ചിരുന്നത്. കോടികളാണ് പലരും നിക്ഷേപിച്ചിട്ടുള്ളത്. രണ്ടു മാസം മുൻപ് ഇലവുംതിട്ട പൊലീസ് സ്റ്റേഷന്നിൽ 1.43 കോടി തിരികെ കിട്ടാനുണ്ടെന്ന് പറഞ്ഞ് അമേരിക്കൻ മലയാളി നൽകിയ പരാതിയിൽ കേസ് എടുത്തിരുന്നു. ഇത് പിന്നീട് ഒത്തു തീർപ്പാക്കി. ഇതിന് പിന്നാലെ വിവിധ സ്റ്റേഷനുകളിൽ പരാതി ചെല്ലുകയും കേസ് എടുക്കുകയും ചെയ്തിരുന്നു.

നെടുംപറമ്പിൽ ഗ്രൂപ്പിന് സാമ്പത്തിക സ്ഥാപനങ്ങളും വാഹന വിൽപ്പന ഷോറൂമുകളും വസ്ത്രവ്യാപാര സ്ഥാപനവും ഉണ്ട് ഇവിടെ നിന്ന് ഏറെ നാളായി നിക്ഷേപകർക്ക് കാലാവധി കഴിഞ്ഞിട്ടും തുക മടക്കി നൽകുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ചെറിയ തുകകൾ ഉള്ളവര പൊലീസിൽ പരാതി നൽകുമ്പോൾ  ഒത്തു തീർപ്പ് ചർച്ച നടത്തി മടക്കി നൽകിയിരുന്നു.

കോട്ടയം, തിരുവല്ല എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന കരിക്കിനേത്ത് സിൽക്ട് വാങ്ങി എൻസിഎസ് വസ്ത്രം എന്ന പേരിൽ തുണിക്കടകൾ തുടങ്ങിയിരുന്നു. ഇത് വാങ്ങിയ വകയിൽ കരിക്കിനേത്ത് ഉടമയ്ക്ക് ഇപ്പോഴും കോടികൾ നൽകാനുണ്ട്. കോട്ടയത്ത് തുണിക്കട ഇരുന്ന കെട്ടിടത്തിന്റെ വാടക നൽകാതെ വന്നതും വിവാദത്തിന് കാരണമായി. ക്രൈസ്തവ സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടക നൽകാതെ ഇരിക്കാൻ കഴിയില്ലെന്ന് വിശ്വാസികൾ അറിയിക്കുകയും കടയ്ക്ക് മുന്നിൽ സമരം തുടങ്ങുകയും ചെയ്തിരുന്നു.ഇത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ഈ ഗ്രൂപ്പിനെതിരെ സഭാ വിശ്വാസികൾ കടുത്ത ആക്രമണമാണ് നടത്തിയിരുന്നത് .

എൻസിഎസ് വസ്ത്രത്തിൻറെ പരസ്യം നൽകിയയിനത്തിൽ ലക്ഷങ്ങൾ ആണ് മാധ്യമങ്ങൾക്കും പരസ്യ ഏജൻസികൾക്കും നൽകാനുള്ളത്. കഷ്ടിച്ച് കഴിഞ്ഞ് കൂടുന്ന ഓൺലൈൻ മാധ്യമങ്ങളെ അടക്കം ലക്ഷങ്ങളാണ് എൻസിഎസ് മുതലാളി പറ്റിച്ചത്.വസ്ത്രത്തിന്റെ പരസ്യ ഹോൾഡിങ്‌സ് വച്ചവർക്കും അതുപോലെ അവരെ ആശ്രയിച്ചു പരസ്യം ചെയ്തവർക്കും ഒന്നും പണം നൽകിയിരുന്നില്ലെന്ന് വ്യാപക ആക്ഷേപം ഉയരുന്നുണ്ട്.ഓൺ ലൈൻ പത്രങ്ങളെ പറ്റിക്കുന്നത് ഈ ഗ്രൂപ്പിന്റെ ഒരു ഹോബി ആയിരുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top