Kerala

അമേഠി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ തീരുമാനം തനിക്ക് ലഭിച്ച വലിയ അഭിനന്ദനമാണെന്ന് സ്മൃതി ഇറാനി

കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. അമേഠി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ തീരുമാനം തനിക്ക് ലഭിച്ച വലിയ അഭിനന്ദനമാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. അമേഠി ഒഴിവാക്കി റായ്ബറേലിയിൽ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം പുറത്തുവന്നതിന് പിറകെയാണ് സ്മൃതി ഇറാനിയുടെ വിമർശനമുണ്ടായത്.

കോൺഗ്രസ് പാർട്ടിക്ക് അവരുടെ മുഴുവൻ തന്ത്രവും ഊർജ്ജവും തന്നിലേക്ക് കേന്ദ്രീകരിച്ചു എന്ന് പറയുന്നത് തനിക്ക് ലഭിക്കുന്ന വലിയൊരു അഭിനന്ദനമാണ്, കാരണം ഞാൻ അവർക്ക് വളരെ പ്രാധാന്യമുള്ളവളായിരുന്നു എന്നാണ് അതിൽ നിന്നും മനസ്സിലാവുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ മത്സരിക്കുന്നു എന്നതാണ് ബിജെപി എംപിയുടെ ഏക വ്യക്തിത്വം എന്ന മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിൻ്റെ ട്വീറ്റിന് മറുപടിയായാണ് സ്മൃതി ഇറാനിയുടെ പരാമർശം. രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ ഇറാനിയുടെ പ്രസക്തി അവസാനിച്ചെന്നും രമേശ് പറഞ്ഞു.

ഇന്ന്, സ്മൃതി ഇറാനിയുടെ ഏക ഐഡൻ്റിറ്റി അവർ രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നതാണ്. ഇപ്പോൾ, അവരുടെ രാഷ്ട്രീയ പ്രസക്തി അവസാനിച്ചു. അർത്ഥശൂന്യമായ പ്രസ്താവനകൾ നടത്തുന്നതിന് പകരം, സ്മൃതി ഇറാനിക്ക് ഇനി പ്രാദേശിക വികസനത്തെക്കുറിച്ച് ഉത്തരം പറയേണ്ടിവരും. അടച്ച ആശുപത്രികൾ, സ്റ്റീൽ പ്ലാൻ്റുകൾ, ഐഐഐടികൾ എന്നിവയെക്കുറിച്ചെന്നും ജയറാം രമേശ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയുമായാണ് സ്മൃതി ഇറാനി രം​ഗത്തെത്തിയത്.

അതിനിടെ, ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. അമ്മ ഏൽപിച്ച ദൗത്യമാണെന്നാണ് രാഹുൽ പ്രതികരിച്ചത്. പരമ്പരാഗത മണ്ഡലത്തെ സേവിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് റായ്ബറേലിയിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നും രാഹുൽ വിശദീകരിച്ചു. അമേഠിയും, റായ്ബറേലിയും തന്‍റെ കുടുംബമാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top