Kerala

തൊഴിലുറപ്പ് തൊഴിലാളികൾ നഗര സൗന്ദര്യത്തിന്റെ അഭിഭാജ്യ ഘടകം;അവർക്കു കൂലി കിട്ടുമെന്ന് ഉറപ്പ് വേണം

പാലാ : നഗരത്തിലെ റോഡുകളിലും ഓടകളിലുമുണ്ടാകുന്ന കാടും മണ്ണും നീക്കം ചെയ്ത് മനോഹരമാക്കി സംരക്ഷിക്കുന്ന തൊഴിലുറപ്പ് പദ്ധതിയുടെ വേതനം മാസങ്ങളായി മുടങ്ങിയ അവസ്ഥയിലെന്ന് ഗുരുതരമായ ആരോപണവുമായി തൊഴിലുറപ്പ് അംഗങ്ങൾ രംഗത്തെത്തി.

പാവപ്പെട്ടവരുടെ ആശ്രയമായ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം നൽകാൻ സാധിക്കുന്നില്ലെങ്കിൽ പദ്ധതി വേണ്ടെന്ന് വയ്ക്കണമെന്ന് പാലാ നഗരസഭാ പ്രതിപക്ഷ കൗൺസിലർമാരുടെ സംഘം ആവശ്യപ്പെട്ടു. ഇക്കണക്കിനാണ് കാര്യങ്ങളുടെ പോക്കെങ്കിൽ പാലാ നഗരസഭയ്ക്ക് മുമ്പിൽ നൂറ് കണക്കിന് തൊഴിലുറപ്പ് അംഗങ്ങൾക്ക് പിച്ചച്ചട്ടി സമരം നടത്തേണ്ടി വരുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

പാലാ നഗരസഭയിൽ ഇരുന്നൂറിൽ പരം തൊഴിലുറപ്പ് അംഗങ്ങൾ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൊഴിലുറപ്പ് വേലകൾക്കായി ഭരണാധികാരികളുടെ വാക്ക് വിശ്വസിച്ച് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സാധാരണക്കാരും വിധവകളായ വീട്ടമ്മമാരും ജോലിക്ക് പോയിട്ടുണ്ട്. വേല കഴിഞ്ഞപ്പോൾ കൂലിക്ക് ഉത്തരവാദികളില്ലാത്ത അവസ്ഥയാണ് പാലാ നഗരസഭയിൽ നിലവിലുള്ളത്. ഏഴ് മാസങ്ങൾക്ക് മുമ്പ് ചെയ്ത വേലകളുടെ പണം പോലും ഇപ്പോൾ നൽകുന്നില്ല. ഇതിനിടയിൽ ഓണവും ക്രിസ്ത്മസും ഈസ്റ്ററുമെല്ലാം കടന്ന് പോയി. വിഷുവിനും പണം നൽകില്ല എന്നതാണ് നിലവിലെ സ്ഥിതി. നൂറ്റി മുപ്പത് തൊഴിൽ ദിനങ്ങളുടെ വേതനം വരെ കിട്ടാനുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ദിവസം മുന്നൂറ്റി മുപ്പത്തി മൂന്ന് രൂപ പ്രകാരം മുപ്പതിനായിരത്തിന് മുകളിൽ തുക പലർക്കും ലഭിക്കാനുണ്ട്.

എന്നാൽ,ബില്ലുകൾ തയ്യാറാക്കി ട്രഷറിയിൽ നൽകിയെന്നാണ് സെക്ഷൻ ക്ലർക്ക് പറയുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ വിവിധ കക്ഷി രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ പണിയെടുത്തതാണ്. പണം നൽകാത്ത നടപടിയിൽ സാധാരണക്കാരായ കുടുംബിനികൾക്ക് വലിയ പ്രതിക്ഷേധമാണ് ഉള്ളത്. തിരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ചെത്തുന്നവരോട് വീട്ടമ്മമാർ തൊഴിലുറപ്പ് പണം ലഭിക്കാത്തത് സംബന്ധിച്ച് ചോദിക്കും.

ഭരണ നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയും ഉത്തരവാദിത്വമില്ലായ്മയുമാണ് ഇത്തരം സാഹചര്യം സൃഷ്ടിച്ചത്.

വിഷയത്തിൽ പ്രതിക്ഷേധിച്ച് നഗരസഭ കൊച്ചിടപ്പാടി, ചെത്തിമറ്റം, കിഴതടിയൂർ വാർഡിലെയും തെക്കേക്കര മേഖലയിലെയും അൻപതോളം തൊഴിലുറപ്പ് അംഗങ്ങൾ ഇന്ന് നഗരസഭ ഓഫീസിലെത്തി സെക്രട്ടറിയുടെ ചാർജ് വഹിക്കുന്ന നഗരസഭ എഞ്ചിനിയർ സിയാദുമായി സംസാരിച്ചു. ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം ആരംഭിക്കേണ്ടി വരുമെന്ന് കൗൺസിലർമാരും തൊഴിലുറപ്പ് അംഗങ്ങളും മുന്നറിയിപ്പ് നൽകി. പ്രശ്ന പരിഹാരത്തിനായി തൊട്ടടുത്ത ദിവസം തന്നെ നഗരസഭ ചെയർമാനെ കാണാനും തീരുമാനിച്ചു.

നിവേദക സംഘത്തിന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി, കൗൺസിലർമാരായ ജോസ് ഇടേട്ട്, മായ രാഹുൽ, സിജി ടോണി, വി സി പ്രിൻസ് എന്നിവർ നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top