തിരുവനന്തപുരം: സംസ്ഥാനത്ത് കളളപ്പണം തടയാൻ കർശന പരിശോധന. സംസ്ഥാന പൊലീസിനേയും റവന്യൂ വകുപ്പിനേയും മറ്റ് ഏജൻസികളേയും യോജിപ്പിച്ചാകും ആദായ നികുതി വകുപ്പിന്‍റെയും മറ്റ് കേന്ദ്ര ഏജൻസികളുടെയും പരിശോധന. കേരളത്തിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വരുന്ന 28 മുതൽ കളളപ്പണ പരിശോധനയും ശക്തമാക്കും.
ലോക്സഭാ മണ്ഡലത്തിൽ 95 ലക്ഷം രൂപയാണ് ഒരു സ്ഥാനാർഥിക്ക് പ്രചാരണത്തിന് ചിലവാക്കാനാകുക. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും തുറമുഖങ്ങളിലും റോഡിലെ വാഹനങ്ങളിലും പരിശോധനയുണ്ടാകും. വോട്ടർമാരെ സ്വാധീനിക്കാൻ വൻതോതിൽ കളളപ്പണമൊഴുകുമെന്ന റിപ്പോർട്ടുകളും കേന്ദ്ര ഏജൻസികൾക്ക് മുന്നിലുണ്ട്. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 160 സ്ക്വാഡുകളെ സജജമാക്കിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു.