Kottayam

പാമ്പൂരാംപാറ തീർത്ഥാടനകേന്ദ്രത്തിൽ നാളെ (22/03/2024) നാൽപതാംവെള്ളി ആചരണം

 

പാലാ: പീഡാസഹനത്തിന്റെ നൊമ്പരങ്ങൾ ഉണർത്തി, ത്യാഗത്തിൻ വഴിയിലൂടെ ക്രൂശിതൻ്റെ പാത പിന്തുടരാൻ പ്രചോദനമേകി പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറയിലെ വ്യാകുലമാതാപള്ളി നോമ്പുകാലത്ത് വിശ്വാസികൾക്കായി ഒരുങ്ങിക്കഴിഞ്ഞു.പാമ്പൂരാംപാറയിൽ നാളെ (22/03/2024) നാൽപതാം വെള്ളിയാഴ്ച ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്കു ഫാ ജോസഫ് വടകര നേതൃത്വം നൽകും.

രാവിലെ 9.30ന് ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ്റെ ഇടപ്പാടിയിലുള്ള ജന്മഗൃഹത്തിൽ നിന്നും പാമ്പൂരാംപാറയിലേക്ക് ഭക്തി സാന്ദ്രമായ കുരിശിൻ്റെ വഴി ആരംഭിക്കും. തുടർന്നു പ്രവിത്താനം സെൻ്റ് അഗസ്റ്റിൻ പള്ളി സഹവികാരി ഫാ ജോസഫ് കുറുപ്പശ്ശേരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും വചന സന്ദേശവും ഉണ്ടായിരിക്കും. തുടർന്ന് പാമ്പൂരാംപാറയിൽ സജ്ജീകരിച്ചിരിക്കുന്ന 14 സ്ഥലങ്ങളിലേയ്ക്ക് കുരിശിൻ്റെ വഴിയും നേർച്ച ചോറു വിതരണവും നടത്തും.

30 ന് ദുഃഖവെള്ളിയാഴ്ച കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിലെ പീഡാനുഭവ കർമ്മ ക്കൾക്കു ശേഷം 8.30 പാമ്പൂരാംപാറയിലേക്ക് കുരിശിൻ്റെ വഴി. തുടർന്നു പാമ്പൂരാംപാറയിൽ നടക്കുന്ന കുരിശിൻ്റെ വഴിക്കു ശേഷം അൽഫോൻസാ കോളജ് പ്രിൻസിപ്പൽ റവ ഡോ ഷാജി പുന്നത്താനത്തുകുന്നേൽ വചന സന്ദേശം നൽകും. തുടർന്നു നേർച്ച ചോറു വിതരണം ഉണ്ടായിരിക്കും.

94 വർഷം മുമ്പ് 1930ലാണ് പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിനു തുടക്കം കുറിച്ചത്. ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനാണ് പാമ്പൂരാംപാറയിലെ പള്ളി സ്ഥാപിച്ചത്. 1931 ൽ പാമ്പൂരാംപാറയിൽ കുരിശു സ്ഥാപിച്ചു കുരിശിൻ്റെ വഴിക്കു തുടക്കം കുറിച്ചു. പിന്നീട് ഫാ ജോസഫ് വടകര മുൻകൈയ്യെടുത്ത് 30 ലക്ഷത്തോളം രൂപ ചെലവൊഴിച്ചാണ് ആധുനിക രീതിയിൽ നവീകരണം പൂർത്തീകരിച്ചിരിക്കുന്നത്. കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയുടെ കീഴിലാണ് പാമ്പൂരാംപള്ളി വ്യാകുലമാതാ പള്ളി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top