Kerala

തൊടുപുഴ കൈവെട്ട് കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞത് തടിപ്പണി കാരനായി ;രണ്ടുമക്കളും ഭാര്യയുമൊത്താണ് താമസിച്ചുവന്നത്., രണ്ടാമത്തെ കുട്ടിയുണ്ടായത് അടുത്തിടെ

പ്രൊഫ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ഷാജഹാൻ എന്ന പേരിലാണ് പ്രതി ഒളിവിൽ കഴിഞ്ഞത്. മട്ടന്നൂർ ബേരത്ത് ഇയാള്‍ മരപ്പണി ചെയ്ത് വരികയായിരുന്നു. ഇവിടെ തന്നെയുള്ള വാടക വീട്ടിലായിരുന്നു താമസം. രണ്ടുമക്കളും ഭാര്യയുമൊത്താണ് താമസിച്ചുവന്നത്. രണ്ടാമത്തെ കുട്ടിയുണ്ടായത് അടുത്തിടെയാണ്.

നേരത്തെ സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ എന്‍ഐഎ 10ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലായ് പതിമൂന്നിനാണ് കോടതി പ്രതികളെ ശിക്ഷിച്ചത്. മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. ബാക്കിയുള്ള മൂന്ന് പേര്‍ക്ക് മൂന്ന് വര്‍ഷം വീതം തടവിനും ശിക്ഷിച്ചിരുന്നു. ഇവര്‍ക്ക് നാല് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കൊച്ചിയിലെ എന്‍ഐഎ കോടതിയായിരുന്നു ശിക്ഷ വിധിച്ചത്.

കുറ്റകൃത്യം നടന്ന 2010 ജൂലായ് നാലിന് ആലുവയില്‍ നിന്ന് സവാദ് ബെംഗളൂരുവിലേക്ക് കടന്നതായി കേസന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പ്രധാന തെളിവായ കൈ വെട്ടാൻ ഉപയോഗിച്ച മഴുവുമായാണ് പ്രതി കടന്നുകളഞ്ഞത്.ഇതുൾപ്പെടെ കണ്ടെത്തേണ്ടതുണ്ട് പിന്നീട് നേപ്പാള്‍ അഫ്ഗാനിസ്ഥാന്‍ എന്നിങ്ങനെ പലവിദേശ രാജ്യങ്ങളിലും ഇയാള്‍ പോയതായി അനുമാനിച്ചിരുന്നു.13 വര്‍ഷത്തോളം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സവാദിനെ പിടികൂടിയത്.

ഇതിനിടെ സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂര്‍ത്തിയാക്കാൻ എൻഐഎ. തിരിച്ചറിയൽ പരേഡ് പൂര്‍ത്തിയാക്കി സവാദിനെ വേഗത്തിൽ തന്നെ കസ്റ്റഡിയിൽ വാങ്ങുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതിനായി എൻഐഎയുടെ അന്വേഷണ സംഘം മജിസ്ട്രേറ്റ് കോടതിയിൽ ഉടൻ അപേക്ഷ നൽകും.

ഇപ്പോൾ എറണാകുളം സബ് ജയിലിൽ ജനുവരി 24 വരെ റിമാന്റിലാണ് സവാദ്. പ്രതിയുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളില്‍ വിശദമായ ഫൊറന്‍സിക്ക് പരിശോധന നടത്തും. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞതെന്നും പ്രതിയെ ചോദ്യം ചെയ്ത് കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും എന്‍ഐഎ നൽകിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top