Kerala

വിജയ് യെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടിയാൽ മന്ത്രി സ്ഥാനം രാജി വയ്ക്കുമെന്ന് കോൺഗ്രസ് :60 വർഷത്തിന് ശേഷം മന്ത്രി സ്ഥാനം ലഭിച്ചത് വിജയ് കാരണമെന്നു ടി വി കെ

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയുള്ള ടിവികെയുടെ പ്രചാരണത്തിൽ കടുത്ത അതൃപ്തിയുമായി കോൺഗ്രസ്. രാഹുൽ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കൂ എന്ന നിലപാടിലാണ് കോൺഗ്രസ്. ടിവികെ നിലപാട് മാറ്റിയില്ലെങ്കിൽ മന്ത്രിമാർ രാജിവെക്കുമെന്ന മുന്നറിയിപ്പും കോൺഗ്രസ് നേതാക്കൾ നൽകുന്നു. അടുത്തിടെ നിയമസഭയിൽ മന്ത്രി ഡി. ശരത്കുമാറാണ് സി. ജോസഫ് വിജയ് പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ ടിവികെയിലെ മുതിർന്ന മന്ത്രിമാർ ഉൾപ്പെടെയുള്ളവർ വിവിധ വേദികളിൽ സമാന ആവശ്യം ഉന്നയിച്ചു.

തൂത്തുക്കുടിയിൽ 2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി സി. ജോസഫ് വിജയ് എന്ന അവകാശവാദത്തോടെയുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. അതിനിടെ, അടുത്തിടെ പുറത്തുവന്ന പ്രധാനമന്ത്രി സ്ഥാനാർഥിയെ സംബന്ധിച്ച മാധ്യമ സർവേയിലും വിജയ് മൂന്നാം സ്ഥാനത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും പിന്നാലെയാണ് വിജയ് ഇടംപിടിച്ചത്.

സർവേയിൽ പങ്കെടുത്ത ഒൻപത് ശതമാനം പേർ വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിച്ചതായാണ് റിപ്പോർട്ട്. സർവേയെ പരിഹസിച്ച് തമിഴ്നാട് പിസിസി അധ്യക്ഷൻ മാണിക്കം ടാഗോർ രംഗത്തെത്തി. ആനയെയും സിംഹത്തെയും തമ്മിൽ തെറ്റിക്കാൻ കുറുക്കൻ വ്യാജ സർവെയുമായി രംഗത്തെത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇതിന് പിന്നാലെയാണ് കോൺഗ്രസ് മന്ത്രിമാരും കടുത്ത നിലപാടുമായി രംഗത്തെത്തിയത്.

രാഹുൽ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുകയുള്ളൂവെന്നും അല്ലാത്തപക്ഷം രാജിവെക്കുമെന്നും മന്ത്രി രാജേഷ് കുമാർ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. കോൺഗ്രസിന്റെ വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി ടിവികെയും രംഗത്തെത്തി. അറുപത് വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിക്കാൻ കാരണം സി. ജോസഫ് വിജയ് ആണെന്നാണ് ടിവികെയുടെ വാദം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top