Kerala

ചരിത്രത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട :10 കോടി രൂപാ വില വരുന്ന 12.794 കിലോഗ്രാം എംഡിഎംഎ പിടികൂടി

ചരിത്രത്തിലെ ഏറ്റവും വലിയ എംഡിഎംഎ പിടിച്ചെടുക്കലിലൂടെ അന്തർസംസ്ഥാന ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്ക് കനത്ത തിരിച്ചടി. മലപ്പുറം ജില്ലാ പൊലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിൽ 12.794 കിലോഗ്രാം എംഡിഎംഎ പിടികൂടി. പത്ത് കോടിയിലധികം രൂപ വിപണിവില വരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.

മലപ്പുറം പന്തല്ലൂർ സ്വദേശി ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS-ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് വൻ ലഹരിവേട്ട നടത്തിയത്. ആഴ്ചകൾക്ക് മുമ്പ് മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ 97.71 ഗ്രാം എംഡിഎംഎയുമായി ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ വിശദമായ അന്വേഷണമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന വലിയ ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ചുള്ള നിർണായക വിവരങ്ങളിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.

തുടർന്നുള്ള രഹസ്യാന്വേഷണത്തിലും നിരീക്ഷണത്തിലും ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ ശേഖരിച്ച് വിവിധ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചു. കോയമ്പത്തൂർ, പഴനി, കൊടൈക്കനാൽ തുടങ്ങിയ സ്ഥലങ്ങൾ ഈ ശൃംഖലയുടെ പ്രധാന ഇടത്താവളങ്ങളായും ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.

ഇടനിലക്കാരെയും ലഹരിക്കടത്തിന്റെ വഴികളെയും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതോടെ കോയമ്പത്തൂരിന് സമീപം വച്ച് പ്രതികളെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്നോവ വാഹനത്തിന്റെ ഡോർ പാനലുകൾക്കുള്ളിൽ പ്രത്യേകമായി ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top