Kerala

വേമ്പനാട്ടുകായലിന്റെ നഷ്ടപ്പെട്ട സംഭരണശേഷി വീണ്ടെടുക്കണം, കൃത്യസമയത്ത് തണ്ണീർമുക്കം ബണ്ട് തുറക്കുവാനുള്ള നടപടികൾ സ്വീകരിക്കണം.:ജോസ് കെ മാണി

പാലാ:_പദവികൾ സംബന്ധിച്ച പരസ്യമായ കലഹം ഇടതുമുന്നണിയിൽ നിന്നും ജനങ്ങൾ കൂടുതൽ അകലുന്നതിന് കാരണമാകുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.കേന്ദ്രസർക്കാരിൻ്റെ വർഗീയ അജണ്ടകൾക്ക് വഴങ്ങാതെ ജനങ്ങൾക്കൊപ്പം നിന്ന് വികസന_ക്ഷേമപ്രവർത്തനങ്ങൾ ഏറെ നടത്തിയിട്ടും എന്തുകൊണ്ട് വലിയ പരാജയം സംഭവിച്ചു എന്ന ആഴത്തിലുള്ള വിലയിരുത്തലുകളും തിരുത്തലുകളുമാണ് ഇപ്പോൾ എൽഡിഎഫിന് ആവശ്യം.ഇതല്ലാതുള്ള ഏതു നിലപാട് ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അത് രാഷ്ട്രീയ ആത്മഹത്യക്ക് തുല്യമായിരിക്കുമെന്ന ധാരണ മുന്നണിയിലെ എല്ലാ ഘടകകക്ഷികൾക്കും ഉണ്ടായിരിക്കണം.സതീശൻ നയിക്കുന്നു ബിജെപി ഭരിക്കുന്നു എന്നപോലെയാണ് കേരളത്തിൽ ഇപ്പോൾ കാര്യങ്ങൾ.

വി ഡി സതീശൻ ഇലൂടെ ബിജെപി അവരുടെ രാഷ്ട്രീയ താല്പര്യങ്ങൾ ഭരണ തലത്തിൽ കേരളത്തിൽ നടപ്പാക്കുകയാണ്.പി എം ശ്രീയിലും ലൈഫ് ഭവന പദ്ധതിയിലുമുള്ള ബിജെപി അജണ്ടകൾക്ക് യുഡിഎഫ് സർക്കാർ കീഴടങ്ങിയിരിക്കുകയാണ്. പ്രളയമടക്കമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഭരണനേതൃത്വം വലിയ പരാജയമായിരുന്നു.മന്ത്രിമാർ ഒരേ വിഷയങ്ങളിൽ പരസ്പരവിരുദ്ധം ആയിട്ടാണ് സംസാരിക്കുന്നത്.ഇത് മന്ത്രിസഭയുടെ കൂട്ട് ഉത്തരവാദിത്വമില്ലായ്മയാണ് വിളിച്ചറിയിക്കുന്നതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ ക്യാമ്പ് പാലായിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ ക്യാമ്പ് അംഗീകരിച്ച പ്രമേയങ്ങൾ

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിലും, എല്‍ ലിനോ പ്രതിഭാസത്തിന്റെ കാരണത്താലും കോട്ടയം ജില്ലയിൽ വ്യാപകമായി ഉണ്ടാവുന്ന പ്രളയ ദുരിതത്തെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള നടപടികൾ എടുക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. മീനച്ചിലാറും, മണിമലയാറും പ്രളയം മൂലം നിറഞ്ഞു കവിയുമ്പോൾ അധികമായി ഉണ്ടാകുന്ന പ്രളയ ജലം ഒഴുകി പോകുവാൻ, ആറുകളുടെയും, തോടുകളുടെയും സംഭരണശേഷി ഉയർത്തണം. വേമ്പനാട്ടുകായലിന്റെ നഷ്ടപ്പെട്ട സംഭരണശേഷി വീണ്ടെടുക്കണം, കൃത്യസമയത്ത് തണ്ണീർമുക്കം ബണ്ട് തുറക്കുവാനുള്ള നടപടികൾ സ്വീകരിക്കണം.
വർഷങ്ങളായി മലയോരമേഖലയിലെ ജനങ്ങളുടെ മനസ്സിലെ തീയായ പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച്, അവസാന നോട്ടിഫിക്കേഷൻ സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം. ജനവാസ മേഖലയിലെ വന്യമൃഗം ആക്രമണം തടയുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കണം. വന്യമൃഗങ്ങളുടെ പെരുകിയ എണ്ണം കുറയ്ക്കുവാനുള്ള മാർഗങ്ങൾ അവലംബിക്കണം.
കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും ശക്തമായ പ്രവർത്തനം നടത്തുവാൻ തീരുമാനിച്ചു.

ജനകീയ വിഷയങ്ങളിൽ പ്രാദേശികമായി സമരങ്ങൾ നടത്തുവാനും, കേരള കോൺഗ്രസിന്റെ കഴിഞ്ഞകാല പ്രവർത്തകരെയും നിലവിലുള്ള പ്രവർത്തകരെയും സംയോജിപ്പിച്ചുകൊണ്ട്, പാർട്ടിയുടെ ഈ കാലഘട്ടത്തിലെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ ക്ലാസുകളും, സെമിനാറുകളും സംഘടിപ്പിക്കുവാനും തീരുമാനിച്ചു.പ്രഭ ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിൽ റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ, എൻ.ജയരാജ് ,ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ ,സണ്ണി തെക്കേടം ,ബേബി ഉഴുത്തുവാൽ, ജോർജുകുട്ടി അഗസ്തി ,ഔസേപ്പച്ചൻ , മാത്തുക്കുട്ടി കുഴിഞ്ഞാലിൽ, സോണി സക്കറിയ,സഖറിയാസ് കുതിരവേലി ,ജോസ് പുത്തൻകാല, സിറിയക് ചാഴികാടൻ, പെണ്ണമ്മ ജോസഫ്, ബ്രൈറ്റ് വട്ടനിരപ്പേൽ, ജോസഫ് ചാമക്കാല ,എ എം മാത്യു , ലാലിച്ചൻ കുന്നിപ്പറമ്പിൽ, സാജൻ കുന്നത്ത്, ടോബിൻ കെ അലക്സ്, ജോജി കുറത്തിയാടൻ, ജോസ് ഇടവഴിക്കൽ, ലൂക്ക് മാത്യു, ഡിനു ചാക്കോ, ഡാനി തോമസ്, രാമചന്ദ്രൻ അള്ളുപുറം ,ജോ കൈപ്പൻ പ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top