Kerala

“പ്ലാസ്റ്റിസ് – അക്വാക്ലീൻ ബോട്ട്” ഡിസൈൻ ചെയ്തതിന് പാലാ അൽഫോൻസാ കോളേജിലെ സുവോളജി റിസേർച്ച് ഡിപ്പാർട്ടുമെന്റിന് ഇന്റർനാഷണൽ പേറ്റന്റ് ലഭിച്ചു

 

പാലാ : ജലാശയങ്ങളിൽ നിന്ന് നാനോ- മൈക്രോ പ്ലാസ്റ്റിക്കുകൾ കണ്ടെത്തി നീക്കം ചെയ്യാനുള്ള റോബോട്ടിക് മത്സ്യം, “പ്ലാസ്റ്റിസ് – അക്വാക്ലീൻ ബോട്ട്” ഡിസൈൻ ചെയ്തതിന് പാലാ അൽഫോൻസാ കോളേജിലെ സുവോളജി റിസേർച്ച് ഡിപ്പാർട്ടുമെന്റിന് ഇന്റർനാഷണൽ പേറ്റന്റ് ലഭിച്ചു.
ഗവേഷകവിദ്യാർത്ഥിനി സി. ജൂബിമോൾ ജോർജ്ജിന്റെയും റിസേർച്ച് ഗൈഡ് ഡോ. സിമിമോൾ സെബാസ്റ്റ്യന്റെയും, അദ്ധ്യാപകരായ ഡോ. സി. മഞ്ജു എലിസബത്ത് കുരുവിള, ഡോ. സിനി സൂസൻ ആന്റണി, ടീന ജെയിംസ്, റീമ റോസ് മാണി, അതുല്യ ആൻഡ്രുസ് (അൽഫോൻസാ കോളേജ് പാലാ), ഡോ. ആൻ മേരി ജേക്കബ് (യു സി. കോളേജ് ആലുവ), ഡോ. ഗംഗ ടി. (ട്രൈബൽ ആർട്സ് ആൻഡ്‌ സയൻസ് കോളേജ് നാടുകാണി) എന്നിവരുടെയും നേതൃത്വത്തിലാണ് റോബോട്ടിക് ഫിഷ് മോഡൽ ഡിസൈൻ ചെയ്തത്.

യഥാർത്ഥ മത്സ്യങ്ങളുടെ നീന്തൽ ചലനവും ശരീരഘടനയും മാതൃകയാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ നദികൾ, തടാകങ്ങൾ, റിസർവോയറുകൾ, അഴിമുഖങ്ങൾ, കായലുകൾ എന്നിവയിൽ സ്വയം നാവിഗേറ്റ് ചെയ്ത് സഞ്ചരിക്കാൻ ഇതിന് കഴിയും.എ.ഐ , ജി.പി.എസ് , അൾട്രാസോണിക്, ഇനേർഷ്യൽ സിസ്റ്റങ്ങൾ എന്നിവ ഉപയോഗിച്ച് തടസ്സം ഒഴിവാക്കി ജലാശയത്തിലൂടെ സുരക്ഷിതമായി സ്വയം സഞ്ചരിക്കുന്ന
റോബോട്ടിക് മത്സ്യം മൂന്ന് ഘട്ടമായാണ് ജലാശയങ്ങളിൽ പ്രവർത്തനം നടത്തുന്നത്. ആദ്യം ഇല, പായൽ പോലുള്ള വലിയ മാലിന്യങ്ങൾ കോർസ് ഫിൽറ്റർ വഴി നീക്കം ചെയ്യും. പിന്നെ മെംബ്രൺ ഉപയോഗിച്ച് മൈക്രോപ്ലാസ്റ്റിക്കുകൾ നീക്കും. അവസാനം മാഗ്നറ്റിക് നാനോപാർട്ടിക്കിൾ, ഇലക്ട്രോസ്റ്റാറ്റിക് ആകർഷണം എന്നിവ ഉപയോഗിച്ച് നാനോപ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യുന്നു.

നദിയുടെയും തടാകത്തിന്റെയുമൊക്കെ അടിയിൽ അടിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക്കും ഈ റോബോട്ട് മത്സ്യം ശേഖരിക്കും. സക്ഷൻ ഇൻലെറ്റുകളും റോബോട്ടിക് കൈകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. വെള്ളത്തിലെതാപനില, അമ്ലഗുണം, ഓക്സിജൻ, ടർബിഡിറ്റി, പ്ലാസ്റ്റിക് സാന്ദ്രത എന്നിവ സെൻസറുകൾ വഴി തുടർച്ചയായി അളക്കാൻ കഴിയും.ലിഥിയം ബാറ്ററിയും മുകളിൽ ഘടിപ്പിച്ചിരിക്കുന്ന സോളാർ പാനലും ചേർന്ന ഹൈബ്രിഡ് സംവിധാനം ഉപയോഗിച്ചാണ് റോബോട്ടിക് ഫിഷ് പ്രവർത്തിക്കുന്നത്. മേഘാവൃതമായ ദിവസങ്ങളിലും പ്രവർത്തിക്കുമെന്നതു മാത്രമല്ല, ഡോക്കിംഗ് സ്റ്റേഷനിൽ വയർലെസ് ചാർജിംഗും ഉണ്ട്.

മാലിന്യം ശേഖരിച്ചു സൂക്ഷിക്കുന്ന ബോക്സ്‌ നിറയുമ്പോഴോ ബാറ്ററി കുറയുമ്പോഴോ സ്വയം ഡോക്കിംഗ് സ്റ്റേഷനിലേക്ക് മടങ്ങി മാലിന്യം ഒഴിവാക്കുകയും ചാർജ് ചെയ്യുകയും ചെയ്യുമെന്നത് ഈ ഉപകരണത്തിന്റെ സവിശേഷതയാണ്.GPS ലൊക്കേഷൻ, മലിനീകരണ നില, വൃത്തിയാക്കൽ കാര്യക്ഷമത എന്നിവ ക്ലൗഡ് പ്ലാറ്റ്ഫോമിലേക്ക് അയച്ച് തത്സമയ നിരീക്ഷണവും നടത്താൻ ഇതിനു കഴിയും.

ബയോമിമെറ്റിക് റോബോട്ടിക്സ്, AI, പുനരുപയോഗ ഊർജ്ജം, നൂതന ഫിൽട്രേഷൻ എന്നിവ സംയോജിപ്പിച്ച് ജലോപരിതലത്തിലും അടിത്തട്ടിലും ഉള്ള നാനോ- മൈക്രോ പ്ലാസ്റ്റിക്കുകൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള സുസ്ഥിരമായ പരിഹാരമാണ് അക്വാക്ലീൻ ബോട്ട്.പരിസ്ഥിതി പുനഃസ്ഥാപനം, ജലജീവി സംരക്ഷണം, ജല ഗുണനിലവാര മാനേജ്മെന്റ് എന്നിവയ്ക്ക് ഇതിന് വലിയ സാധ്യതയുണ്ടെന്ന് പ്രിൻസിപ്പൽ ഡോ. പ്രൊഫ. സി. മിനിമോൾ മാത്യു അറിയിച്ചു. പ്ലാസ്റ്റിസ് സുസ്ഥിര വികസനത്തിനും ശുദ്ധജലത്തിനും വേണ്ടിയുള്ള ഒരു ചുവടുവയ്പാണെന്ന് കോളേജ് ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ അഭിപ്രായപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top