Kerala

മലയാളിയുടെ പൊന്നോണക്കാലത്തിന് വിളംബരമേകി ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് ആവേശകരമായ തുടക്കം

മലയാളിയുടെ പൊന്നോണക്കാലത്തിന് വിളംബരമേകി ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് ആവേശകരമായ തുടക്കം.തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അത്താഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

മന്ത്രി അനൂപ് ജേക്കബ് അടക്കമുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. തൃപ്പൂണിത്തുറയെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാവുന്ന ചരിത്ര പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. അത്തച്ചമയം നാടിന്റെ മതസൗഹാർദത്തിന്റെയും ഒരുമയുടെയും പ്രതീകമാണെന്നും നഗരത്തിന്റെ പൈതൃക പാരമ്പര്യം കാത്തുസൂക്ഷിക്കാൻ വിദേശ വിദഗ്ധരെ ഉൾപ്പെടുത്തി മാസ്റ്റർ പ്ലാൻ തയാറാക്കിയാൽ അത് നടപ്പിലാക്കാൻ സർക്കാർ സന്നദ്ധമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഉദ്ഘാടന ചടങ്ങിന് പിന്നാലെ നടൻ ജഗദീഷ് അത്തച്ചമയ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ലാളിത്യത്തെയും വാർത്താസമ്മേളനങ്ങളിലെ വസ്തുതകളെയും പ്രശംസിച്ച ജഗദീഷ്, തനിക്ക് സർക്കാരിൽ നിന്ന് ഒരു പദവിയും ആവശ്യമില്ലെന്നും വ്യക്തമാക്കുകയുണ്ടായി. ചടങ്ങിൽ താൻ ധരിച്ചിരിക്കുന്നത് നടൻ കുഞ്ചാക്കോ ബോബൻ സമ്മാനിച്ച ഓണക്കോടിയാണെന്നും അദ്ദേഹം സദസ്സിനോട് പങ്കുവെച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്. പുലികളി, തെയ്യം, വേലകളി, ചെണ്ടമേളം തുടങ്ങിയ തനത് നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെ രാജവീഥികൾ ആഘോഷത്തിലാണ്. ഞായറാഴ്ച അവധി ദിനമായതിനാൽ തൃപ്പൂണിത്തുറയിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് പരിഗണിച്ച് കൊച്ചി നഗരത്തിലും തൃപ്പൂണിത്തുറയിലും രാവിലെ 8 മുതൽ വൈകിട്ട് 3 വരെ വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. വൈറ്റില, കോട്ടയം, വൈക്കം, മൂവാറ്റുപുഴ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് മിനി ബൈപാസ്, സീപോർട്ട് – എയർപോർട്ട് റോഡ്, ഇരുമ്പനം വഴി പ്രത്യേക വഴിതിരിച്ചുവിടലുകൾ ക്രമീകരിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top