
ന്യൂഡൽഹി | കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെ ഏതാനും ദിവസങ്ങൾ കൊണ്ട് താഴെയിറക്കിയ ഓൺലൈൻ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാർട്ടിയിൽ (സിജെപി) നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ സാമൂഹ്യമാധ്യമ കൂട്ടായ്മ പിറവിയെടുത്തു. ഇ20 ജനതാ പാർട്ടി (ഇജെപി) എന്ന പേരിലാണ് എക്‌സിലും ഇൻസ്റ്റഗ്രാമിലും ഉൾപ്പെടെ പുതിയ കൂട്ടായ്മ രൂപംകൊണ്ടത്.

ഒറ്റദിവസം കൊണ്ട് വലിയ പിന്തുണയാണ് ഇജെപിക്ക് ലഭിച്ചത്. എഥനോൾ കലർത്താത്ത, 100 ശതമാനം ശുദ്ധമായ പെട്രോൾ എന്നത് ഓരോ പൗരന്റേയും അവകാശമാണെന്ന് ഇജെപി പറയുന്നു.
‘ഒരേയൊരു ആവശ്യം, ഒരേയൊരു ദൗത്യം. നിർബന്ധിത എഥനോൾ കലർത്തൽ ഇല്ലാതെ 100 ശതമാനം യഥാർഥ ഇന്ധനമാണ് നമുക്ക് വേണ്ടത്.’ -ഇതാണ് ഇജെപിയുടെ ഇൻസ്റ്റഗ്രാം ബയോയിൽ പറയുന്നത്. ‘100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൗരന്റേയും അവകാശത്തിനായാണ് ഇ20 ജനതാ പാർട്ടി പോരാടുന്നത്. തങ്ങളുടെ ഇന്ധന ടാങ്കുകളിലേക്ക് എന്താണ് പോകേണ്ടതെന്ന് ഉപഭോക്താക്കൾ തീരുമാനിക്കട്ടെ.’ -ഇതാണ് എക്‌സിലെ ബയോയായി ഇജെപി കുറിച്ചത്.
ഒറ്റദിവസം കൊണ്ട് എക്‌സിൽ 20,000-ത്തിലേറെ പേരും ഇൻസ്റ്റഗ്രാമിൽ 27,000-ത്തിലേറെ പേരുമാണ് ഇജെപിയെ ഫോളോ ചെയ്തത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇജെപി പ്രാദേശിക സാമൂഹ്യമാധ്യമ ഘടകങ്ങളും ഇതിനകം രൂപംകൊണ്ടുകഴിഞ്ഞു.
എഥനോൾ കലർത്തിയ പെട്രോൾ കാരണം വാഹനങ്ങൾക്കുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചും ഇ20 പെട്രോളിനെതിരായ പ്രതിഷേധങ്ങളെ കുറിച്ചുള്ള വാർത്തകളുമെല്ലാമാണ് പ്രധാനമായി ഇജെപി പോസ്റ്റ് ചെയ്യുന്നത്. കൂടാതെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കെതിരായ പോസ്റ്റുകളും ഉണ്ട്. ‘ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. അടുത്തത് എഥനോൾ ഗഡ്കരി’ എന്നാണ് ഇജെപിയുടെ ഒരു പോസ്റ്റ്.
എഥനോൾ കലർത്തിയ പെട്രോൾ പിൻവലിക്കണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നില്ല എന്ന് വാർത്താക്കുറിപ്പിലൂടെ ഇജെപി വ്യക്തമാക്കി. ഇ20 പെട്രോൾ സംബന്ധിച്ച് നിരവധി ആശങ്കകൾ ഉയർന്നിട്ടുണ്ട്. അതിനാൽ ഏത് ഇന്ധനമാണ് തങ്ങളുടെ വാഹനത്തിന് അനുയോജ്യമായതെന്ന് തീരുമാനിക്കാനുള്ള അവസരം ഉപഭോക്താക്കൾക്ക് ഉണ്ടാകണമെന്നും ഇജെപി പറയുന്നു. ഇതൊരു രാഷ്ട്രീയ മുന്നേറ്റമല്ലെന്നും മറിച്ച് ഉപഭോക്തൃ അവകാശങ്ങൾക്കായുള്ള മുന്നേറ്റമാണെന്നും ഇജെപി വ്യക്തമാക്കി.
‘പെട്രോൾ പമ്പുകളിൽ 100 ശതമാനം ശുദ്ധമായ പെട്രോൾ വിതരണം പുനഃസ്ഥാപിക്കുക. എന്താണ് തങ്ങൾ വാങ്ങുന്നതെന്ന് ഉപഭോക്താക്കൾക്ക് കൃത്യമായി അറിയാൻ സുതാര്യമായ ഇന്ധന ലേബലിങ് ഉറപ്പാക്കുക, വ്യത്യസ്തമായ ഇന്ധന മിശ്രിതങ്ങളുടെ ചെലവ്, നേട്ടങ്ങൾ, പ്രത്യാഘാതങ്ങൾ എന്നിവയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുക, വാഹനങ്ങളുടെ മൈലേജ്, എൻജിന്റെ പ്രകടനം, എമിഷൻ, പരിപാലന ചെലവുകൾ എന്നിവയെ കുറിച്ച് സ്വതന്ത്ര പഠനങ്ങൾ നടത്തി കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുക’ -ഇതാണ് തങ്ങളുടെ ആവശ്യങ്ങളായി ഇജെപി പറയുന്നത്