
പാലാ നഗരസഭ നേതൃത്വം വ്യക്തി താൽപര്യങ്ങളുടെയും, ധാർഷ്ട്യത്തിന്റെയും, അരാഷ്ട്രീയത്തിന്റെയും വിളനിലമായി മാറിയതാണ് ഇപ്പോൾ ഭരണം നഷ്ടപ്പെട്ടതിന്റെ കാരണം. പലതും മറന്ന് പിന്തുണ നൽകിയവരെ ബഹുമാനിക്കുന്നതിനപ്പുറം യാതൊരു ജനാധിപത്യ മര്യാദയും ഇല്ലാതെ ഉപദ്രവിക്കുന്ന ഒരു സമീപനമാണ് കുടുംബ കൂട്ടായ്മയുടെ ഭാഗത്തുനിന്നുണ്ടായത്. അതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ നേരിട്ടിരിക്കുന്നത്. പഞ്ചായത്ത് രാജ് മുനിസിപ്പൽ ആക്ട് അനുസരിച്ച് മുൻസിപ്പൽ ഭരണം എന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എല്ലാ അംഗങ്ങളെയും ചേർത്ത് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനങ്ങളുടെ ദൈനംദിന ജീവിതാവശ്യങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കേണ്ട സ്ഥാപനമാണ്.

പ്രത്യേകിച്ച് മുനിസിപ്പാലിറ്റി ത്രിതല സംവിധാനം ഒന്നിച്ച് നടപ്പിലാക്കേണ്ട ഭരണഘടന സ്ഥാപനമാണ്. അവിടെ വിദ്വേഷത്തിനും, കുടുംബ താൽപര്യങ്ങൾക്കും സ്ഥാനമില്ല. അതിനുപകരം കഴിഞ്ഞ ആറു മാസക്കാലം വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും, പരസ്പര വൈരാഗ്യ പ്രവർത്തനങ്ങളുമാണ് ഉണ്ടായത്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികൾ, ലോക്സഭ എം.പി. ഉൾപ്പെടെ വിഘടന പ്രവർത്തനങ്ങൾക്ക് കൂട്ടുപിടിക്കുന്ന സമീപനമാണ് നടത്തിയത്. ഇത് നിലവിലുള്ള ഭരണം വീഴുന്നതിന്റെ ആക്കം വർദ്ധിപ്പിക്കുകയാണ് ചെയ്തത്.
കേരള കോൺഗ്രസ് (എം) ന് 10 അംഗങ്ങൾ ഉണ്ടായിട്ടുപോലും ഒരു അവിശുദ്ധ കൂട്ടുകെട്ടിന് തയ്യാറാവാതിരുന്നത് അതുകൊണ്ടാണ്. ഏതായാലും പാർട്ടി ഈ സന്ദർഭത്തിൽ ഭരണ നേതൃത്വം ഏറ്റെടുക്കുന്നില്ല.പാലാ മുനിസിപ്പാലിറ്റി സുഗമമായി ഭരണനിർവഹണം ഉറപ്പാക്കാൻ കക്ഷി താൽപര്യത്തിന് അതീതമായ നിലപാട് കേരള കോൺഗ്രസ് (എം) ബന്ധപ്പെട്ട എല്ലാവരും ആലോചിച്ചു തീരുമാനിക്കുമെന്നും പാർട്ടി ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.