Kerala

കാർ മരത്തിലിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരണത്തിന് കീഴടങ്ങി

മട്ടന്നൂർ-കണ്ണൂർ വിമാനത്താവളം റോഡിൽ കാർ മരത്തിലിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരണത്തിന് കീഴടങ്ങി. തൃശ്ശൂർ തിരുവമ്പാടി സ്വദേശിയും നാവികസേനാ ഉദ്യോഗസ്ഥൻ എ.പി. പ്രദീപിന്റെ മകനുമായ ആദിത്യ കൃഷ്ണദീപ് (21) ആണ് ശനിയാഴ്ച രാത്രി വൈകി ചാലയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. ഇതോടെ അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന അഞ്ച് സുഹൃത്തുക്കളും മരണപ്പെട്ടു.

കണ്ണൂർ അലവിൽ സ്വദേശി ഷാൻ സിറാജ് (22), കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് റിസ്വാൻ (23), ഉത്തർപ്രദേശ് നോയിഡ സ്വദേശി പരം ഛേത്രി (22), ഹൈദരാബാദ് സ്വദേശി ഹർഷ സത്തുരി (22) എന്നിവർ അപകടം നടന്ന വെള്ളിയാഴ്ച രാത്രിതന്നെ മരിച്ചിരുന്നു. ബെംഗളൂരുവിലെ ബി.എം.എസ്. കോളേജിൽ ബി.ടെക്. എയ്റോസ്‌പേസ് എൻജിനിയറിങ് അവസാനവർഷ വിദ്യാർഥികളായിരുന്ന ഇവർ ഒന്നിച്ച് പഠിച്ച അടുത്ത സുഹൃത്തുക്കളായിരുന്നു.

ബിരിയാണി വെക്കണം, ഉമ്മാ…’ അവസാന ഫോൺകോൾ ദുരന്തത്തിന് മിനിറ്റുകൾക്ക് മുൻപ്
ഷാൻ സിറാജിന്റെ പിതൃസഹോദരന്റെ മകളുടെ ഞായറാഴ്ച നടക്കേണ്ടിയിരുന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് സുഹൃത്തുക്കൾ ബെംഗളൂരുവിൽ നിന്നും കാർ മാർഗ്ഗം കണ്ണൂരിലേക്ക് പുറപ്പെട്ടത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ്, വെള്ളിയാഴ്ച രാത്രി 10.45-ഓടെ ഷാൻ ഉമ്മ ഷംനയെ ഫോണിൽ വിളിച്ചിരുന്നു. “ഉമ്മാ, അരമണിക്കൂർ കൊണ്ട് ഞങ്ങൾ വീട്ടിലെത്തും. എന്റെ നാല് കൂട്ടുകാരും കൂടെയുണ്ട്. ഞങ്ങൾക്കൊക്കെ കഴിക്കാൻ ബിരിയാണി വേണം,” എന്നതായിരുന്നു ഷാന്റെ അവസാന വാക്കുകൾ.

മണിക്കൂർ കഴിഞ്ഞിട്ടും കാണാതായതോടെ പിതാവ് സിറാജ് തിരികെ വിളിച്ചപ്പോൾ ഫോണെടുത്തത് പോലീസ് ഉദ്യോഗസ്ഥനായിരുന്നു. അപകടവാർത്തയറിഞ്ഞ് ആശുപത്രിയിലെത്തിയ ബന്ധുക്കൾക്ക് മുന്നിലേക്ക് ഷാന്റെ ചേതനയറ്റ ശരീരമാണ് എത്തിയത്. വലിയ ആഘോഷങ്ങൾക്ക് വേദിയാകേണ്ടിയിരുന്ന വിവാഹപ്പന്തൽ ഇതോടെ കണ്ണീരിടമായി മാറി. തുടർന്ന് ഞായറാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മാറ്റിവെച്ചു. എയ്റോനോട്ടിക്കൽ എൻജിനീയറിങ് പൂർത്തിയാക്കി ബെംഗളൂരു വിമാനത്താവളത്തിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്ന ഷാൻ, ഉപരിപഠനത്തിനായി യു.കെ-യിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

വെള്ളിയാഴ്ച രാത്രി 11.20-ഓടെ കൂടാളി കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. യു.പി. രജിസ്ട്രേഷനിലുള്ള കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ റേഡിയേറ്ററും ഹെഡ്‌ലൈറ്റും ഉൾപ്പെടെയുള്ള ഭാഗങ്ങൾ 20 മീറ്ററോളം അകലെയുള്ള ഓവുചാലിലേക്ക് തെറിച്ചുവീണു.

ആദ്യഘട്ടത്തിൽ ആവശ്യത്തിന് വെളിച്ചമില്ലാതിരുന്നതിനാൽ നാട്ടുകാർ മൊബൈൽ ഫോൺ വെളിച്ചത്തിലാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. തുടർന്ന് മട്ടന്നൂരിൽ നിന്ന് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കാർ ഓടിച്ചിരുന്ന പരം ഛേത്രിയെ പുറത്തെടുക്കാൻ ഏറെ പ്രയത്നിക്കേണ്ടി വന്നു. ഒരാൾ സംഭവസ്ഥലത്തും മൂന്നുപേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരണപ്പെട്ടത്.

സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂത്തുപറമ്പ് എ.സി.പി. സിബി ടോമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അമിതവേഗതയാണോ അതോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് വ്യക്തമാകാനായി മട്ടന്നൂർ ആർ.ടി.ഒ. കെ.വി. അഖിലിന്റെ നേതൃത്വത്തിൽ വാഹനത്തിന്റെ സാങ്കേതിക പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഷാൻ സിറാജിന്റെയും മുഹമ്മദ് റിസ്വാന്റെയും മൃതദേഹങ്ങൾ കണ്ണൂർ സി.എച്ച്. സെന്ററിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ടോടെ കബറടക്കി. ഭൗതികശരീരങ്ങൾ അവസാനമായി വിവാഹപ്പന്തലിലേക്ക് എത്തിച്ചപ്പോൾ കണ്ടുനിന്നവർക്ക് സങ്കടം അടക്കാനായില്ല.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top