ബാംഗ്ലൂർ :ബസിൽ മാസ്ക് ധരിച്ച് സാധാരണ യാത്രക്കാരനായി മന്ത്രി :ചില്ലറയില്ലെങ്കിൽ ഇറങ്ങി പോകണമെന്ന് കണ്ടക്ടർ മാസ്ക് ധരിച്ച് സാധാരണ യാത്രക്കാരനെപ്പോലെ ബസിൽ കയറിയ മന്ത്രിയെ തിരിച്ചറിയാതിരുന്നതോടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.

ശനിയാഴ്ച രാത്രി നഗരത്തിലെ പൊതുഗതാഗത സേവനങ്ങൾ നേരിട്ട് വിലയിരുത്താനായിരുന്നു മന്ത്രി രഹസ്യ പരിശോധന നടത്തിയത്. ഹെബ്ബാളിൽ നിന്ന് നാഗഷെട്ടിഹള്ളിയിലേക്ക് സർവീസ് നടത്തുന്ന ബിഎംടിസി ബസിൽ കയറിയ മന്ത്രി രണ്ട് ടിക്കറ്റിനായി 100 രൂപ നൽകിയപ്പോൾ, കണ്ടക്ടർ ചില്ലറ ആവശ്യപ്പെട്ടു.

തന്റെ കൈവശം ചില്ലറയില്ലെന്ന് മന്ത്രി പറഞ്ഞതോടെ, തന്റെയും കൈയിൽ ചില്ലറയില്ലെന്ന് ബാഗ് തുറന്ന് കാണിച്ച കണ്ടക്ടർ, ചില്ലറ നൽകാൻ കഴിയില്ലെങ്കിൽ ബസിൽനിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. യാതൊരു തർക്കത്തിനും മുതിരാതെയാണ് മന്ത്രി ബസിൽ നിന്ന് ഇറങ്ങിയത്.
തുടർന്ന് മന്ത്രി നഗരത്തിലെ വിവിധ റൂട്ടുകളിലൂടെ സർവീസ് നടത്തുന്ന ബസുകളിലും ഓട്ടോറിക്ഷകളിലും യാത്ര ചെയ്ത് പൊതുഗതാഗത സേവനങ്ങൾ വിലയിരുത്തി.ജയമഹൽ, ആർ.ടി. നഗർ, ഹെബ്ബാൾ, മാന്യത ടെക് പാർക്ക്, നാഗവാര, ഹെന്നൂർ എന്നിവിടങ്ങളിലൂടെയുള്ള സർവീസുകളാണ് മന്ത്രി പരിശോധിച്ചത്.
ഓട്ടോറിക്ഷയിലെ യാത്രയ്ക്കിടെയും സമാന അനുഭവമാണ് മന്ത്രിക്കുണ്ടായത്. മീറ്ററിൽ രേഖപ്പെടുത്തിയ തുകയേക്കാൾ കൂടുതൽ തുക ഡ്രൈവർ ആവശ്യപ്പെട്ടതിനെ തുടർന്ന് മന്ത്രി വിശദീകരണം തേടി. മീറ്ററിന് തകരാറുണ്ടെന്നായിരുന്നു ഡ്രൈവറുടെ മറുപടി. തുടർന്ന് ആവശ്യപ്പെട്ട തുക നൽകി മന്ത്രി യാത്ര അവസാനിപ്പിച്ചു.
പൊതുഗതാഗത സംവിധാനങ്ങളിലെ സേവന നിലവാരം, ടിക്കറ്റ് വിതരണം, യാത്രക്കാരോടുള്ള പെരുമാറ്റം എന്നിവ നേരിട്ട് വിലയിരുത്തുന്നതിനായാണ് ഇത്തരത്തിലുള്ള അപ്രതീക്ഷിത പരിശോധനകൾ നടത്തുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.