ചുമതലയേറ്റെടുത്ത് ഒരു വർഷം പോലും തികയ്ക്കാതെ രാജി. അമ്മയുടെ ചുമതല വീണ്ടും അഡ്ഹോക് കമ്മിറ്റിയുടെ കൈകളിലേക്ക്.നിലവിലെ ഭരണസമിതിക്കെതിരെ അമ്മയിലെ അംഗങ്ങളില്‍ ഭൂരിപക്ഷം പേരും അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇന്ന് രാജിയുടെ വക്കിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഭരണസമിതി അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലും തർക്കങ്ങള്‍ ഉയർന്നിരുന്നു.

ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയ രേഖ തയ്യാറാക്കിയെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ആരോപണം.

ഐഎഫ്എഫ്കെയില് മദ്യം വിളമ്പി പാർട്ടി നടത്തിയത് ആരുടെ അനുമതിയോടെയാണെന്നും സൗജന്യ വേദി ലഭ്യമായിരിക്കെ നാല് ലക്ഷം രൂപ ചെലവാക്കി പുതിയ വേദി എന്തിന് തിരഞ്ഞെടുത്തുവെന്നുമുള്ള കടുത്ത ആരോപണങ്ങള്‍ നേതൃത്വത്തിന് നേരെ ഉയരുന്നുണ്ടെന്നാണ് വിവരം. വാർഷിക കണക്കവതരണവുമായി ബന്ധപ്പെട്ടും വലിയ രീതിയിലുള്ള ചർച്ചകളും വിമർശനങ്ങളും യോഗത്തില്‍ ഉയർന്നു

ഇന്ന് രാവിലെ തുടങ്ങിയ ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തില്‍ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളില്‍ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തി. കണക്കുകളില്‍ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കലുഷിതമായി. തുടർന്ന് വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോൻ ആവശ്യപ്പെട്ടിരുന്നു. തർക്കത്തെത്തുടർന്ന് ഉച്ചയ്ക്ക് ശേഷവും റിപ്പോർട്ട് പാസാക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ശ്വേത രാജി പ്രഖ്യാപിച്ചത് എന്നറിയുന്നു
യോഗത്തിനിടെ സ്റ്റേജില്‍ കയറിയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും എന്നാല്‍ തന്നെ ബി ജെ പിക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും കടുത്ത അമർഷത്തോടെ വെളിപ്പെടുത്തി. തുടർന്ന് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടൻ ബാബുരാജിന്റെ നേതൃത്വത്തില്‍ മുതിർന്ന അംഗങ്ങള്‍ ചേർന്ന് അനുനയിപ്പിക്കാനും തിരികെ വിളിക്കാനും സജീവമായ ശ്രമങ്ങള്‍ നടന്നു