Kerala

കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു;

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 43 കാരനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന രോഗിയെ ഇന്ന് രാത്രിയോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി

ക്ലീനിങ് ജോലിക്കാരനായ ഇയാൾ ഫറോക്കിലെ ഒരു പഴയ കെട്ടിടം ഒറ്റയ്ക്ക് വൃത്തിയാക്കാൻ പോയിരുന്നു. ഈ കെട്ടിടത്തിൽ വവ്വാലുകളുടെ സാന്നിധ്യം ഉണ്ടായിരുന്നതായാണ് സംശയിക്കുന്നത്. ഇവിടെ നിന്നാകാം ഇയാൾക്ക് വൈറസ് ബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മറ്റാർക്കും തന്നെ ഇതുവരെ രോഗലക്ഷണങ്ങൾ ഒന്നും കണ്ടിട്ടില്ല. രോഗബാധിതനായ വ്യക്തിക്ക് വിപുലമായ സമ്പർക്കം ഉണ്ടായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന സൂചന.

ആദ്യഘട്ടത്തിൽ പനി വന്ന് മാറിയ ഇയാൾക്ക് പിന്നീട് ബോധക്ഷയം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ഡിസ്ചാർജ് ആകുകയും ചെയ്തു. എന്നാൽ, ഇയാൾ സ്ഥിരമായി മദ്യപിക്കുന്ന വ്യക്തിയായതിനാൽ ബോധക്ഷയവും മറ്റ് അസ്വസ്ഥതകളും ‘വിഡ്രോവൽ സിംപ്റ്റംസ്’ ആണെന്ന് കരുതി ബന്ധുക്കൾ ഇയാളെ ഒരു ഡീ അഡിക്ഷൻ സെന്ററിലും എത്തിച്ചിരുന്നു. പലയിടങ്ങളിലായി സന്ദർശനം നടത്തിയതിനാൽ സമ്പർക്കപ്പട്ടിക വിപുലമാകാൻ സാധ്യതയുണ്ട്.

രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരോടും അടിയന്തരമായി ക്വാറന്റീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നാളെ തിരുവനന്തപുരത്ത് അടിയന്തര ഉന്നതതല യോഗം ചേരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിപ പ്രതിരോധത്തിനായുള്ള എല്ലാ സജ്ജീകരണങ്ങളും കോഴിക്കോട് മെഡിക്കൽ കോളേജിലും ആരോഗ്യവകുപ്പിലും സജ്ജമാക്കിയിട്ടുണ്ടെന്നും ആശങ്ക ഒഴിവാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top