Kerala

കടിച്ചത് ഉറുമ്പെന്ന് കരുതി ;ഡാൻസ് പ്രാക്ടീസിനിടെ പാമ്പ് കടിച്ച് 13 കരി ചികിത്സക്കിടെ മരണമടഞ്ഞു

ആലപ്പുഴ: പാമ്പ് കടിയേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. ആലപ്പുഴ അരൂർ സ്വദേശിനിയായ നിയ (13) ആണ് മരണപ്പെട്ടത്. പുതിയ അധ്യയന വർഷത്തിൽ എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടി സ്കൂളിൽ പോകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കുട്ടിയുടെ അപ്രതീക്ഷിത വിയോഗം.

അരൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ വിദ്യാർത്ഥിനിയായ നിയ, ഇന്ന് രാവിലെ 7.30ഓടെ വിദഗ്ദ്ധ ചികിത്സയിൽ തുടരവെയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 24 ദിവസമായി എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു നിയ. മെയ് ആറാം തീയതി വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടക്കുന്നത്. അരൂരിലെ ഒരു റെസിഡൻസ് അസോസിയേഷന്റെ പരിപാടിയുടെ ഭാഗമായി ഡാൻസ് പ്രാക്ടീസ് ചെയ്യുകയായിരുന്നു നിയ. ഡാൻസ് ചെയ്യുന്നതിനിടെ പറമ്പിലെ കരിയിലകൾക്കിടയിൽ നിന്നുമാണ് നിയയ്ക്ക് പാമ്പുകടിയേറ്റത്. എന്നാൽ തന്നെ കടിച്ചത് ഉറുമ്പാണെന്നാണ് കുട്ടി കരുതിയത്. കൂടെയുണ്ടായിരുന്നവരോടും ഉറുമ്പ് കടിച്ചതാണെന്നാണ് നിയ പറഞ്ഞത്. എന്നാൽ പാമ്പുകടിയേറ്റ് ഒരു മണിക്കൂർ കഴിഞ്ഞതോടെ കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

കുഴഞ്ഞുവീണ നിയയെ ഉടൻ തന്നെ വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. രണ്ട് ദിവസത്തോളം അവിടെ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ഏതുതരം പാമ്പാണ് കുട്ടിയെ കടിച്ചതെന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. കടിയേറ്റ ഉടൻ തന്നെ പാമ്പാണെന്ന് തിരിച്ചറിയാൻ സാധിക്കാതെ പോയതും ചികിത്സ വൈകാൻ കാരണമായെന്നാണ് വിലയിരുത്തൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top