ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു; പരാതിക്കാരനൊപ്പം എത്തിയ ബന്ധു അറസ്റ്റിൽ, മോഷ്ടാവിനെ കണ്ടെത്തിയത് പോലീസ് നായ.ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് സംഭവം.ബന്ധുവിന്റെ വീട്ടിൽ നിന്ന് ആറ് പവൻ ആഭരണങ്ങൾ മോഷണം പോയ കേസിൽ പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയയാൾ പിന്നാലെ അറസ്റ്റിലായി.പതിയാങ്കര കാട്ടുവടക്കതിൽ അഷറഫ് (45) ആണ് അറസ്റ്റിലായത്.

അഷറഫിന്റെ ബന്ധുവായ കൊച്ചുതറയിൽ സദഖിന്റെ വീട്ടിൽനിന്ന് മാല,വള, മോതിരം എന്നിവയുൾപ്പെടെയുള്ള ആഭരണങ്ങൾ ചൊവ്വാഴ്ച രാത്രിയാണ് മോഷണം പോയത്.സദഖ് അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു.പഴയ വീട്ടിൽ നിന്ന് സാധനങ്ങൾ മാറ്റിയിരുന്നില്ല.ഈ വീട്ടിൽ ആളുണ്ടായിരുന്നില്ല.
ഇവിടെ നിന്നാണ് ആഭരണം നഷ്ടപ്പെട്ടത്.സദഖും അഷറഫും ബന്ധുക്കളും ചേർന്നാണ് ബുധനാഴ്ച രാവിലെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.തുടർന്ന് ആലപ്പുഴ ഡോഗ് സ്ക്വാഡിൽ നിന്ന് പോലീസ് നായ ജൂഡിയെ സ്ഥലത്തെത്തിച്ചു.മോഷണം നടന്ന വീട്ടിൽ മണം പിടിച്ച പോലീസ് നായ ഏകദേശം 100 മീറ്റർ മാറി അഷറഫിന്റെ വീടിന് മുന്നിലെത്തി നിന്നു.പിന്നീട് പോലീസ് ഉദ്യോഗസ്ഥർ അഷ്റഫിനെ ചോദ്യംചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇയാളുടെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ ആഭരണങ്ങൾ കണ്ടെടുത്തു.എസ് എച്ച് ഒ ലാൽ സി ബേബിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.എസ് ഐ രഞ്ജിത്ത്, സോമരാജൻ,എ എസ് ഐ പ്രദീപ്, സബീന, ഗോപകുമാർ, സീനിയർ സി പി ഒ ജി.അനിൽ കുമാർ, അനീഷ് കുമാർ, സാജിദ്, അനിൽ, അനന്ത പത്മനാഭൻ, അനീസ്, മനോജ് എന്നിവരും ആലപ്പുഴ ഡോഗ് സ്ക്വാഡിലെ സി പി ഒ മാരായ ഹരീഷ്,തോമസ് ആന്റണി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.