
കുറവിലങ്ങാട്:ജിയോസ്പേഷ്യൽ ശാസ്ത്രലോകത്ത് മലയാളി പ്രതിഭയുടെ തിളക്കമായി കടപ്ലാമറ്റം ഇലയ്ക്കാട് സ്വദേശി ആനന്ദ് സെബാസ്റ്റ്യൻ പട്ടകുന്നേൽ. ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സെൻറർ (IRTC), പാലക്കാട് ജിയോസ്പേഷ്യൽ സയൻസ് ആൻഡ് ടെക്നോളജി ഡിവിഷന്റെ സീനിയർ സയന്റിസ്റ്റും വിഭാഗം മേധാവിയുമായ അദ്ദേഹം, ലോകപ്രശസ്തമായ “ജിയോസ്പേഷ്യൽ റൈസിങ്ങ് സ്റ്റാർ 2026 ” (Geospatial Rising Star 2026 ) പട്ടികയിൽ ഇടം നേടി അന്താരാഷ്ട്ര ശ്രദ്ധ നേടി.

ലോകമെമ്പാടുമുള്ള 40 വയസ്സിന് താഴെയുള്ള പ്രതിഭാധനരായ ജിയോസ്പേഷ്യൽ ശാസ്ത്രജ്ഞരും നവോത്ഥാന ജിയോസ്പേഷ്യൽ നേതാക്കളുമടങ്ങിയ 50 അംഗങ്ങളുടെ പട്ടികയിൽ ഇടംനേടിയതിലൂടെ ആനന്ദ് കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.
ജിഐഎസ്, റിമോട്ട് സെൻസിങ്, കൃത്രിമബുദ്ധി എന്നിവ സംയോജിപ്പിച്ച് പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന ശാസ്ത്രജ്ഞനാണ് ആനന്ദ്. കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണ സംവിധാനം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ നിർണായക മേഖലകളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി പദ്ധതികൾ നടപ്പിലാക്കപ്പെടുന്നു.
ഗ്രാമ പഞ്ചായത്തുകളിൽ കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികളും സ്പേഷ്യൽ പ്ലാനിങ് പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശ്രദ്ധേയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. ശാസ്ത്രസാങ്കേതിക വിദ്യ ഗ്രാമീണ വികസനത്തിനായി ഫലപ്രദമായി ഉപയോഗിക്കുന്നതിൽ ആനന്ദ് മാതൃകയായി മാറിയിരിക്കുകയാണ്.
പാലക്കാട് പ്രവർത്തനങ്ങളോടൊപ്പം, ഡെൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ ജിയോസ്പേഷ്യൽ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ പി.എച്ച്.ഡി ഗവേഷകനായും അദ്ദേഹം പ്രവർത്തിക്കുന്നു. പരിസ്ഥിതി–കാലാവസ്ഥാ വെല്ലുവിളികൾക്ക് ജിയോസ്പേഷ്യൽ സാങ്കേതികവിദ്യയിലൂടെ നവീന പരിഹാരങ്ങൾ കണ്ടെത്തുന്നതാണ് അദ്ദേഹത്തിന്റെ ഗവേഷണ ലക്ഷ്യം.
ജിയോസ്പേഷ്യൽ സാങ്കേതികവിദ്യയെ ജനകീയവൽക്കരിക്കുന്ന പരിശീലന–കപ്പാസിറ്റി ബിൽഡിങ് പരിപാടികളിലൂടെ വിദ്യാർത്ഥികൾക്കും യുവ ഗവേഷകർക്കും ഉദ്യോഗസ്ഥർക്കും പൊതുപ്രവർത്തകർക്കും വലിയ പ്രചോദനമായി മാറിയിരിക്കുകയാണ് ആനന്ദ്.
പിതാവ് സെബാസ്റ്റ്യൻ ജോസഫ് പൊതുപ്രവർത്തകനും, മാതാവ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്. ഭാര്യ ഡോ. ടോസ്മി ടോമി ജില്ലാ ആയുർവേദ ആശുപത്രിയിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റാണ്.ഈ ബഹുമതി, കേരളത്തിലെ ഗവേഷകരുടെ ആഗോള സാന്നിധ്യവും ഗ്രാമീണ വികസനത്തിൽ ജിയോസ്പേഷ്യൽ സാങ്കേതികവിദ്യയുടെ ഉയർന്നുവരുന്ന പ്രാധാന്യവും വീണ്ടും തെളിയിക്കുന്നതാണ്.