തൊടുപുഴ: പത്തു വർഷക്കാലത്തെ ദുർഭരണത്തിന് അന്ത്യം കുറിച്ച് ഒരു പുതുയുഗപ്പിറവി കേരളത്തിൽ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു .യുഡിഎഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫിന്റെ മുട്ടത്ത് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയും ഇടതു സർക്കാർ തകർത്തു തരിപ്പണമാക്കി. ആരോഗ്യ കേരളം വെന്റിലേറ്ററിലാക്കി. സമ്പദ് വ്യവസ്ഥ ചവിട്ടിത്താഴ്ത്തി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം കുളമാക്കി. കാർഷിക മേഖല തകർത്തു. മലയോരത്ത് സങ്കടങ്ങളാണ്. തീരപ്രദേശത്ത് വറുതിയാണ്. ഹരിതകർമ്മസേന, അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ, പ്രീ പ്രൈമറി ടീച്ചേഴ്സ്, പാചക തൊഴിലാളികൾ ഇവരുടെ എല്ലാം കാര്യങ്ങൾ പ്രയാസത്തിലാണ്. കെട്ടിട നിർമ്മാണ തൊഴിലാളിക്ക് പെൻഷൻ കിട്ടിയിട്ട് പത്തൊമ്പത് മാസമായി.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികൾ മുഴുവൻ ഇപ്പോൾ ഇല്ലാതായി. ആരോഗ്യരംഗത്ത് കാരുണ്യ ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ ഇല്ലാതാക്കി. കമഴ്ന്നു വീണാൽ കാൽപണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നത്. അയ്യപ്പന്റെ സ്വർണ്ണം അടിച്ചുമാറ്റിയതിന് മൂന്ന് സിപിഎം നേതാക്കൾ ജയിലിലായി. സ്വർണ്ണം മാത്രമല്ല അവിടെ വച്ചിരുന്ന ദ്വാരപാലക ശില്പം എടുത്തു കൊണ്ടുപോയി ഒരു കോടീശ്വരന് വിറ്റ് കോടികൾ വാങ്ങിച്ചു. എന്നിട്ട് ഇത്രയും ക്രൂരകൃത്യം ചെയ്ത, ഇത്രയും കൊള്ള ചെയ്ത ആ സിപിഎം നേതാക്കന്മാർക്കെതിരായി ഒരു അച്ചടക്ക നടപടിയും എടുക്കാത്ത പാർട്ടിയാണ് സിപിഎം. ഈ കൊള്ളക്കാർക്ക് കുട പിടിച്ചു കൊടുക്കുന്ന നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എന്താ അച്ചടക്ക നടപടി എടുക്കാത്തത്? എടുത്താൽ അവര് വേറെ ആളുകളുടെ പേര് പറയും. ആഗോള അയ്യപ്പ സംഗമം നടത്തി, അതിൽ നിന്നും പണം അടിച്ചുമാറ്റി. അയ്യപ്പന്റെ സ്വർണ്ണം കക്കാൻ മടി ഇല്ലാത്തവർ എന്ത് അഴിമതിയും നടത്തും. കൊള്ളക്കാരുടെ ഗവൺമെന്റാണ് ഇത്. ഇടതു സർക്കാരിനെതിരായി ഐക്യ ജനാധിപത്യ മുന്നണി ജനങ്ങളുടെ മുൻപാകെ സമർപ്പിച്ച കുറ്റപത്രം ജനങ്ങളുടെ കോടതിയിൽ വിചാരണ ചെയ്യുന്ന സുദിനങ്ങളാണ്. വിചാരണ പൂർത്തിയാക്കി ഒൻപതാം തീയതി കേരളത്തിലെ ജനങ്ങൾ വിധി പ്രഖ്യാപിക്കും ഈ സർക്കാരിനെതിരായിട്ട്.

മുഖ്യമന്ത്രി എന്നെ സംവാദത്തിന് ക്ഷണിച്ചു. ഞാൻ പത്ത് പതിനഞ്ചും മിനിറ്റിനകം അദ്ദേഹം പറയുന്ന സ്ഥലത്ത്, അദ്ദേഹം പറയുന്ന സമയത്ത്, അദ്ദേഹം പറയുന്ന വിഷയത്തിൽ സംവാദം നടത്താൻ തയ്യാറാണെന്ന് അറിയിച്ചു. പക്ഷേ പിറ്റേ ദിവസം രാവിലെ നേരം വെളുത്തപ്പോൾ മുഖ്യമന്ത്രി അതിൽ നിന്ന് പിന്മാറി. ഫേസ്ബുക്കിൽ ആകാം, അതെന്തൊരു സംവാദമാണ്. നേരിട്ട് ചോദിച്ചാൽ നേരിട്ട് മറുപടി പറയണ്ടേ? കേരളം മുഴുവൻ ഫ്ലെക്സ് ബോർഡുകൾ വച്ചിരിക്കുകയാണ്. പതിനായിരത്തിലധികം ബോർഡുകൾ . ആരുടെ കാശാണെന്നറിയോ? നമ്മുടെ കാശാണ്. ഇടതു സർക്കാർ 10 വർഷം കൊണ്ട് അഞ്ച് ലക്ഷം വീട് കൊടുത്തെങ്കിൽ ഉമ്മൻചാണ്ടിയുടെ കാലത്ത് അഞ്ചു വർഷം കൊണ്ട് അഞ്ചു ലക്ഷം വീടു നിർമിച്ചു. യുഡിഎഫ് കാലത്ത് ഗ്യാസ് പൈപ്പ് ലൈൻ കൊണ്ടുവരാൻ വേണ്ടി പദ്ധതി തുടങ്ങി. അന്നു സിപിഎം പറഞ്ഞു ഇത് ഭൂമിക്കടിയിൽ ഒളിപ്പിച്ചു വെച്ച ബോംബ് ആണ്, പൊട്ടിത്തെറിക്കും. അങ്ങനെ പ്രസംഗിച്ച ആള് ആരാണെന്നറിയാമോ? ഇന്ന് പിണറായി വിജയൻറെ മന്ത്രിസഭയിലെ വ്യവസായ മന്ത്രിയാണ്,
പി. രാജീവ്. ഇപ്പോൾ ഗെയിൽ പൈപ്പ് ലൈൻ പൂർത്തിയായപ്പോൾ പറയുകയാണ് ഇടതു സർക്കാർ പൂർത്തിയാക്കി എന്ന്. എഫ്സിആർഐ നിയമത്തിനകത്ത് ഭേദഗതി കൊണ്ടുവരാൻ പോകുന്നു. കേരളത്തിലെ യുഡിഎഫ് എം പിമാരുടെ നേതൃത്വത്തിൽ ഈ നിയമത്തിനെതിരെ ശക്തമായി പോരാടി. നമ്മൾ ഇതെല്ലാം മാറ്റിമറിച്ച് ഒരു പുതിയ കേരളം ഉണ്ടാക്കും. അഞ്ചു ഗ്യാരണ്ടികൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ആദ്യത്തെ ഗ്യാരണ്ടിയാണ് യുഡിഎഫ് വരുമ്പോൾ കെ എസ് ആർ ടി സി ബസ്സിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. ഉമ്മൻചാണ്ടിയുടെ നാമധേയത്തിൽ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. വയോജനങ്ങൾക്ക് നിരവധി പദ്ധതികൾ നടപ്പാക്കാൻ വയോജന വകുപ്പ്. സാമൂഹ്യ സുരക്ഷാ പെൻഷൻ മൂവായിരം രൂപയാക്കി വർധിപ്പിക്കും. യുഡിഎഫ് കേരളത്തിന്റെ മുഖച്ഛായ മാറ്റുക തന്നെ ചെയ്യും. ഒരു പുതിയ കേരളം ഉണ്ടാകും. ഇടുക്കിയിലെ എല്ലാ പ്രശ്നങ്ങളും തീർത്തെന്ന് പ്രോഗ്രസ് കാർഡിൽ . ഇടുക്കിയിലെ ഏത് പ്രശ്നമാണ് ഇവര് തീർത്തത്? ഏത് വിഷയമാണ് ഇവര് തീർത്തത്? യുഡിഎഫ് വരുമ്പോൾ ഉപാധിരഹിത പട്ടയം കൊടുക്കും. സിഎച്ച്ആർ പ്രശ്നം തീർക്കും. അറുപത്തി നാലിലെ ഭേദഗതിയുടെ പ്രശ്നം തീർക്കും. ഇവര് വനഭൂമിയാക്കിയ റവന്യൂ ഭൂമിയെ ഡി നോട്ടിഫൈ ചെയ്യും.
സിഎച്ച് ആറിന്റെ പ്രശ്നവും കുത്തക പാട്ടത്തിലെ പ്രശ്നവും പത്ത് ചെയിനിലെ പ്രശ്നവും ഉൾപ്പെടെയുള്ള വിഷയങ്ങൾ തീർക്കും. ഈ മുറ്റത്ത് തന്നെ ബഫർ സോണുമായി ബന്ധപ്പെട്ട വിഷയങ്ങളുണ്ട്. സമയബന്ധിതമായി, ജില്ലയിലെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുമെന്നും അപു ജോൺ ജോസഫിനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും സതീശൻ പറഞ്ഞു. യോഗത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് ,ഡീൻ കുര്യാക്കോസ് എംപി, കെ ഫ്രാൻസിസ് ജോർജ് എം പി, കെ എം ഷുക്കൂർ , എം ജെ ജേക്കബ്, ജോൺ നെടിയപാല, ടി എസ് ഷംസുദ്ദീൻ ,ബ്ലെയ്സ് ജി വാഴയിൽ, ഷീല സ്റ്റീഫൻ , ഷിബിലി സാഹിബ്, എൻ കെ ബിജു , ബിജോയ് ജോൺ , കെ ടി അഗസ്റ്റിൻ കളളികാട്ട്, ജോയി മൈലാടി, എം എ ഷബീർ, എൻ എം സമദ്, എൻ കെ അജി തുടങ്ങിയവർ സംസാരിച്ചു.