Kerala

കേരളത്തിൽ എസ് ഡി പി ഐ മത്സരിക്കുന്നില്ല ;ബിജെപി യുടെ 5 എ ക്‌ളാസ് മണ്ഡലങ്ങളിൽ ജയ സാധ്യത നോക്കി വോട്ട് ചെയ്യും

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ കേരളത്തില്‍ മല്‍സരിക്കില്ല. സാമ്പത്തിക പ്രതിസന്ധിയാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചത് എന്നാണ് വിവരം. ബിജെപി അമിത പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ അവരെ പരാജയപ്പെടുത്താന്‍ വേണ്ടി വോട്ട് ചെയ്യാനാണ് ധാരണ. പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ സംസ്ഥാന നേതാക്കള്‍ മാധ്യമങ്ങളെ കാണും.

സംസ്ഥാനത്ത് പൊതുവേ യുഡിഎഫിന് അനുകൂലമായ സമീപനം സ്വീകരിക്കുമെന്നാണ് നേതാക്കളുമായി സംസാരിക്കുമ്പോള്‍ മനസിലാകുന്നത്. ഇടതുപക്ഷം സ്വീകരിക്കുന്ന പല നിലപാടുകളോടും പാര്‍ട്ടിക്ക് വിയോജിപ്പുണ്ട്. മുസ്ലിം സംവരണത്തില്‍ സര്‍ക്കാര്‍ കൈകടത്തിയതും ജാതി സെന്‍സസ് വിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാടുമെല്ലാം സംശയാസ്പദമാണ് എന്ന് എസ്ഡിപിഐ നേതാക്കള്‍ പറയുന്നു.

2019ല്‍ പത്തില്‍ താഴെ മണ്ഡലങ്ങളിലാണ് എസ്ഡിപിഐ മല്‍സരിച്ചത്. പൊന്നാനിയില്‍ മല്‍സരിച്ച അഡ്വ. കെസി നസീര്‍ 18000ത്തിലധികം വോട്ട് നേടിയിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി വിടി ഇക്‌റാമുല്‍ ഹഖ് 26000ത്തിലധികം വോട്ട് നേടി. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടര്‍ന്ന് 2021ല്‍ മലപ്പുറത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് വേണ്ടി മല്‍സരിച്ച തസ്ലീം റഹ്മാനി 46758 വോട്ടാണ് നേടിയത്.

ഇത്രയും വോട്ടുള്ള പാര്‍ട്ടി ഇത്തവണ മല്‍സരിക്കാതിരിക്കുമ്പോള്‍ ഈ വോട്ട് ആര്‍ക്ക് പോകുമെന്നത് സ്വാഭാവിക ചോദ്യമാണ്. ഇടതുപക്ഷത്തിന്റെ പല നിലപാടുകളും സംശയകരമാണ് എന്ന് എസ്ഡിപിഐ നേതാക്കള്‍ പ്രതികരിക്കുന്നു. ജാതി സെന്‍സസ് വിഷയത്തില്‍ കേന്ദ്രമാണ് സെന്‍സസ് നടത്തേണ്ടത് എന്ന നിലപാടായിരുന്നു ഇടതുപക്ഷത്തിന്. ജാതി സെന്‍സസ് വേണമെന്ന നിലപാടാണ് എസ്ഡിപിഐക്കുള്ളത്.

പാര്‍ലമെന്റ് പാസാക്കിയ സിഎഎ കേരളത്തില്‍ നടപ്പാക്കില്ലെന്ന അസാധ്യമായ പ്രതികരണം സിപിഎം നടത്തുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണെന്നും എസ്ഡിപിഐ നേതൃത്വം വിലയിരുത്തുന്നു. കേരളത്തില്‍ മുസ്ലിം സംവരണത്തില്‍ ഇടിവ് വരുത്തി, രാജ്യത്ത് ആദ്യമായി മുന്നാക്ക സംവരണം നടപ്പാക്കി തുടങ്ങിയ ഇടതുപക്ഷ നയനിലപാടുകളും എസ്ഡിപിഐ സംശയത്തോടെയാണ് കാണുന്നത്.

ബിജെപി എ ക്ലാസ് മണ്ഡലങ്ങളുടെ ഗണത്തിലുള്‍പ്പെടുത്തിയ അഞ്ച് മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്. തിരുവവന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നിവയാണവ. തിരുവനന്തപുരം, തൃശൂര്‍ മണ്ഡലത്തിലാണ് ബിജെപി കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. ഇവിടെ ജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്കാണ് വോട്ട് രേഖപ്പെടുത്തുക എന്ന് എസ്ഡിപിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

തമിഴ്‌നാട്ടില്‍ എസ്ഡിപിഐ അണ്ണാഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തിന്റെ ഭാഗമായിട്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടുന്നത്. ദിണ്ഡിഗല്‍ മണ്ഡലത്തിലാണ് പാര്‍ട്ടിയുടെ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ നല്ലൈ മുബാറക് ജനവിധി തേടുന്നത്. ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി മല്‍സരിക്കുന്ന സിപിഎം ആണ് ഇവിടെ എസ്ഡിപിഐയുടെ മുഖ്യ എതിര്‍ സ്ഥാനാര്‍ഥി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top