Uncategorized

ഇറാന്റെ പരമോന്നത നേതാവായി അറിയപ്പെടുന്ന ആയത്തുള്ള അലി ഖമയനിയെ പരസ്യമായി തള്ളിപ്പറഞ്ഞും ഇറാനിലെ ഇസ്ലാമിക ഭരണകൂടം തകര്‍ച്ചയുടെ പാതയിലാണെന്നും തുറന്നടിച്ച് ഇറാനിയന്‍ രാജകുടുംബാംഗം റെസ പഹ്ലവി

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവായി അറിയപ്പെടുന്ന ആയത്തുള്ള അലി ഖമയനിയെ പരസ്യമായി തള്ളിപ്പറഞ്ഞും ഇറാനിലെ ഇസ്ലാമിക ഭരണകൂടം തകര്‍ച്ചയുടെ പാതയിലാണെന്നും തുറന്നടിച്ച് ഇറാനിയന്‍ രാജകുടുംബാംഗം റെസ പഹ്ലവി. പേടിച്ചരണ്ട എലിയെപ്പോലെ ഖമയനി ഒളിത്താവളത്തില്‍ അഭയം തേടിയിരിക്കുകയാണെന്നും ഖമയനിക്ക് ഇറാനു മുകളിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടെന്നും പഹ്ലവി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

ഇപ്പോള്‍ നടക്കുന്നത് ഇറാന്റെ പോരാട്ടം അല്ല, ഇത് ഖമയനിയുടെ പോരാട്ടം മാത്രമാണെന്ന് ഇറാനിലെ നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്ലവി വ്യക്തമാക്കി. ഇസ്ലാമിക് റിപ്പബ്ലിക്കിനെ അട്ടിമറിക്കാന്‍ രാജ്യവ്യാപകമായ ഒരു പ്രക്ഷോഭത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഖമയനി നയിക്കുന്ന ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭത്തില്‍ അണിചേരാന്‍ ഇറാനിലെ സൈനികരോടും പോലീസുകാരോടും സര്‍ക്കാര്‍ ജീവനക്കാരോടും റെസ പഹ്ലവി ആവശ്യപ്പെട്ടു. ഖമയനിയുടെ യുദ്ധക്കൊതിക്കും വ്യാമോഹങ്ങള്‍ക്കും ഇരകളായി ദ്രോഹിക്കപ്പെട്ട നിസ്സഹായരായ എല്ലാ പൗരന്മാര്‍ക്കൊപ്പമാണ് താനുള്ളത്. ചരിത്രത്തിലെ നിര്‍ണ്ണായക വഴിത്തിരിവാണിതെന്നും ഈ ദുഃസ്വപ്നം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ രാജ്യവ്യാപക പ്രക്ഷോഭമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്ലാമിക് റിപ്പബ്ലിക് തകര്‍ന്നതിന് ശേഷമുള്ള ദിവസത്തെ ഭയപ്പെടരുതെന്നും ഇറാന്‍ ആഭ്യന്തരയുദ്ധത്തിലേക്കോ അസ്ഥിരതയിലേക്കോ കൂപ്പുകുത്തുകയില്ലെന്നും റെസ പഹ്ലവി പറഞ്ഞു. ഇറാന്റെ ഭാവിക്കുവേണ്ടിയുള്ള ഒരു പദ്ധതി തങ്ങളുടെ പക്കലുണ്ട്. ഭരണകൂടം വീണതിന് ശേഷമുള്ള ആദ്യ നൂറു ദിവസങ്ങള്‍ക്കുള്ളില്‍ ഇറാനില്‍ ദേശീയ ജനാധിപത്യ സര്‍ക്കാര്‍ സ്ഥാപിക്കുന്നതിന് തയ്യാറെടുത്ത് കഴിഞ്ഞു. അനിവാര്യമായ പതനത്തിലേക്ക് നീങ്ങിയ ഒരു ഭരണകൂടത്തിന് വേണ്ടി ഭരണകേന്ദ്രങ്ങളിലുള്ളവര്‍ ഇറാനിയന്‍ ജനതയ്‌ക്കെതിരെ നിലകൊള്ളരുതെന്നും ജനങ്ങള്‍ക്കൊപ്പം നിന്നാല്‍ ജീവന്‍ രക്ഷിക്കാമെന്നും പഹ്ലവി കൂട്ടിചേര്‍ത്തു.

റെസ പഹ്ലവിയുടെ പൂര്‍വികരായിരുന്നു രാജഭരണകാലത്ത് ഇറാന്‍ ഭരിച്ചിരുന്നത്. പിന്നീട് ഇസ്ലാമിക വിപ്ലവത്തിലൂടെ ഖമയനി ഇറാന്‍ പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ എന്ന് ഇറാന്‍ ഔദ്യോഗികമായി അറിയപ്പെടാന്‍ തുടങ്ങിയത്. നിലവില്‍ ഇസ്രായേലുമായി നടക്കുന്ന സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഇസ്ലാമിക് റിപ്പബ്ലിക് അവസാനിച്ചതായും പഴയ ഇറാനെ തിരിച്ചുപിടിക്കേണ്ട സമയമായി എന്നും പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ രാജാവിന്റെ മകനും കിരീടാവകാശിയുമായ റെസ പഹ്ലവി.

ഭരണമാറ്റത്തിന് വീഡിയോയിലൂടെ അദ്ദേഹം ഇറാന്‍ ജനതയെ ആഹ്വാനം ചെയ്യുന്നുണ്ട്. ‘ഇസ്ലാമിക് റിപ്പബ്ലിക് അതിന്റെ അവസാനത്തിലെത്തി. ഇറാന്റെ ഭാവി ശോഭനമാണ്. ചരിത്രത്തിലെ ഈ മൂര്‍ച്ചയുള്ള വഴിത്തിരിവിലൂടെ നമ്മള്‍ കടന്നുപോകും’.- റെസ് പഹ്ലവി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. 1979-ല്‍ ഇസ്ലാമിക വിപ്ലവത്തോടെ ഇറാനില്‍ അവസാനിച്ച 53 വര്‍ഷം പഴക്കമുള്ള പഹ്ലവി രാജവംശത്തിലെ അവസാന ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്ലവിയുടെ മൂത്ത മകനാണ് പഹ്ലവി.

അമേരിക്ക 1953 ലെ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പോവുകയാണെന്നും റെസ പഹ്ലവി സൂചിപ്പിച്ചു. 1953-ല്‍ ബ്രിട്ടനുമായി സഹകരിച്ച് അമേരിക്കയാണ് ജനാധിപത്യ രാജ്യമായിരുന്ന ഇറാനെ ഒരു രാജവാഴ്ചയാക്കി മാറ്റുകയും മുഹമ്മദ് റെസ പഹ്ലവിയെ ഇറാന്റെ പുതിയ രാജാവായി പ്രഖ്യാപിക്കുകയും ചെയ്തത്. പിന്നീട് 1963-ല്‍ ഇറാനില്‍ ഇസ്ലാമിക നേതാവ് ആയത്തുള്ള റുഹുള്ള ഖൊമേനിയുടെ നേതൃത്വത്തില്‍ വെളുത്ത വിപ്ലവം ആരംഭിച്ചു. രാജവാഴ്ചയില്‍ നിന്ന് മോചനം നല്‍കുന്നതിനൊപ്പം ഇറാനെ ഒരു ഇസ്ലാമിക രാജ്യമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പ്രക്ഷോഭങ്ങളിലൂടെ തന്റെ ലക്ഷ്യം പൂര്‍ണമായി നേടിയെടുത്ത ആയത്തുള്ള റുഹുള്ള ഖൊമേനി ഇറാന്റെ ആദ്യ പരമോന്നത നേതാവാകുകയും രാജ്യത്തെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ആക്കി മാറ്റുകയും ചെയ്തു.

അതേസമയം, കീഴടങ്ങണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമയനി രംഗത്തെത്തി. ഇറാന്‍ ഒരിക്കലും ഭീഷണികള്‍ക്ക് വഴങ്ങില്ല. അടിച്ചേല്‍പ്പിക്കുന്ന സമാധാനം വേണ്ടെന്നും ടെലിവിഷന്‍ പ്രസ്താവനയിലൂടെ ഖമേനി വ്യക്തമാക്കി. എതെങ്കിലും തരത്തിലുള്ള യു.എസ്. സൈനിക ഇടപെടല്‍ ഉണ്ടായാല്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന് മുന്നറിയിപ്പുമായി ട്രംപ് വ്യാഴാഴ്ചയാണ് രംഗത്തെത്തിയത്. ഖമയനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് തനിക്കറിയാമെന്നും അദ്ദേഹത്തെ വധിക്കുക എളുപ്പമാണെന്നും ഇപ്പോള്‍ അത് ചെയ്യില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. സദാം ഹുസൈന്റെ വിധിയാണ് ഖമയനിയെ കാത്തിരിക്കുന്നതെന്ന് ഇസ്രായേലും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് രംഗത്തെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top