Kerala

കോട്ടയം ജില്ലയിലെ കേരളാ കോൺഗ്രസിൽ താമരാക്ഷനോമാനിയാ പടരുന്നു.കിടങ്ങൂരാന് വിറയൽ തുടങ്ങി

കോട്ടയം :പണ്ട് ആർ എസ് പി യിൽ താമരാക്ഷൻ എന്നൊരു നേതാവ് ഉണ്ടായിരുന്നു.നിയമസഭയിൽ കേമൻ .ചാനൽ ചർച്ചകളിൽ സാക്ഷാൽ  കൊടിയേരി ബാലകൃഷ്ണനെ വരെ അടിച്ചിരുത്തി കളഞ്ഞ നേതാവ്.ആർ എസ് പി എന്ന പാർട്ടി  കേരളാ രാഷ്ട്രീയത്തിന് സംഭാവന ചെയ്ത അതുല്യ പ്രതിഭകളാണ് കൊല്ലം എം പി എൻ കെ പ്രേമചന്ദ്രനും ;താമരാക്ഷനും;പക്ഷെ കഴിവ് കൊണ്ട് പ്രേമചന്ദ്രൻ വളർന്നെങ്കിലും ;കഴിവ് കൊണ്ട് താമരാക്ഷന്റെ വളർച്ച കീഴ്പോട്ടായിരുന്നു.ഇടതുമുന്നണിയിൽ നിൽക്കുമ്പോൾ വലത് മുന്നണിയിലേക്ക് പോകണമെന്ന് തോന്നും ;വലതു മുന്നണിയിൽ നിൽക്കുമ്പോൾ ഇടതു മുന്നണിയിലേക്ക് പോകണമെന്ന് തോന്നും അത്രയേ കുഴപ്പമുള്ളൂ.പക്ഷെ ഇപ്പോൾ അദ്ദേഹം ഏതു പാർട്ടിയിലാണെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ.

രാവിലെ ഏഴിനും എട്ടിനും ഇടയിൽ ഒരു കുളിയുണ്ട്.കുളി കഴിഞ്ഞ് നില കണ്ണാടിയുടെ മുന്നിൽ തലമുടി ചീവാൻ  വന്നു നിൽക്കുമ്പോഴാണ് അദ്ദേഹം പാർട്ടി മാറുന്നത് .അപ്പോൾ ഒരു വിറയൽ വരും ;ആ വിറയൽ മാറണമെങ്കിൽ പാർട്ടിയും മാറണം.വിറയൽ എന്ന് പറഞ്ഞാൽ ചുമ്മാ വിറയലല്ല .കുംഭകുടത്തിനു തുള്ളുന്നത് പോലെ വിറഞ്ഞു തുള്ളും.പാർട്ടി മാറിയാലേ തുള്ളൽ നിർത്തു.പുതിയ പാർട്ടിയിലേക്ക് മാറാൻ തീരുമാനിച്ചു കഴിയുമ്പോൾ ഭാര്യ ഒരു ചായ കൊടുക്കും ;അതും കുടിച്ചേച്ചും ഒരിറക്കമാണ് അത് ജനതാദളിലോ ;ജെ എസ് എസ്സിലോ ഒക്കെ ചെന്ന് നിൽക്കും.അങ്ങനെ എത്രയോ പാർട്ടി അദ്ദേഹം മാറിയിരിക്കുന്നു.ഇനിയും മാറാനിരിക്കുന്നു .

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ കോട്ടയം ജില്ലയിലെ കേരളാ കോൺഗ്രസിലെ ചില നേതാക്കൾക്കും താമരാക്ഷനോ മാനിയ പിടിപെട്ടിട്ടുണ്ടെന്നാണ് കേൾവി .ഇപ്പോൾ തൊടുപുഴ കുഞ്ഞാണ്ട കോൺഗ്രസിൽ അംഗമായ അവരുടെ ജില്ലാ പഞ്ചായത്ത് മെമ്പർക്കാണ് പാലാ കുഞ്ഞാണ്ട കോൺഗ്രസിൽ ചേരുവാൻ വ്യാക്കൂൺ തുടങ്ങിയിട്ടുള്ളത് .ഏതു സമയവും സജീവമാണ് ഈ ജില്ലാ പഞ്ചായത്ത് മെമ്പർ ;കാരണം മരിച്ച വീടുകളിൽ ചെന്ന് ഒപ്പീസ് പാടുന്നതിൽ ഗിന്നസ് ബുക്കിൽ റിക്കാർഡ് ഇട്ടയാളാണ് ഈ തൊടുപുഴ കുഞ്ഞാണ്ട കോൺഗ്രസുകാരൻ .ഭക്തിയേക്കാളുപരി മറ്റാരേക്കാളും സജീവമായി നിൽക്കുക എന്നുള്ളതാണ് കിടങ്ങൂരാൻറെ പുത്തി.ഭക്തിക്ക് ഭക്തിയുമാകും സജീവതയ്ക്കു സജീവതയുമാകും .കൂടെയുള്ള ജില്ലാ പഞ്ചായത്ത് മെമ്പര്മാരോട് ലോഹ്യം കൂടി അവരുടെ ഫണ്ട് കൈക്കലാക്കി കിടങ്ങൂരിലേക്കു കൊണ്ട് വരുന്നതും ;അത് തിരിച്ചു കൊടുക്കാതെ പുതിയ മെമ്പര്മാരെ കബളിപ്പിക്കുന്നതും ഇദ്ദേഹത്തിന്റെ ഒരു ശൈലിയാണ് .

ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ശത്രു ഇദ്ദേഹം വിശ്വസിക്കുന്ന പാർട്ടി തന്നെയാണ്.ഏതു പാർട്ടിയിൽ ചെന്നാലും ആ പാർട്ടിയാവും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശത്രു .ഒരിക്കൽ പി ജെ പറഞ്ഞത്രേ എന്നാൽ ഇദ്ദേഹത്തെ തൊടുപുഴ കുഞ്ഞാണ്ട കോൺഗ്രസിന്റെ ചെയർമാൻ ആക്കിയേക്കാമെന്നു ഉടനെ കിടങ്ങൂരാൻ തിരിച്ചു ചോദിച്ചു .എന്നാൽ സാറേ ആ മാതാ ഷോപ്പിംഗ് കോംപ്ലക്സ് കൂടി എനിക്ക് തീറാധാരം എഴുതി തന്നു കൂടെ.ഈ നിർദ്ദേശം കേട്ടതും പി ജെ ഇരുന്നിടത്ത് നിന്നും എണീറ്റത് 12 മണിക്കൂർ കഴിഞ്ഞാണെന്നും പുറപ്പുഴ പാലത്തിനാൽ വീട്ടിൽ നിന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട് .

ഇടഞ്ഞാൽ പിന്നെ ആ പാർട്ടിയുമായുള്ള സകല ബന്ധങ്ങളും വിഛേദിക്കും.ഫോൺ വിളിച്ചാൽ എടുക്കില്ല.വാട്ട്സാപ്പ് വിട്ടാലും നോക്കും പക്ഷെ മറുപടി തരില്ല .പാലാ നിയോജക മണ്ഡലം കമ്മിറ്റിയിൽ പങ്കെടുപ്പിക്കാൻ തൊടുപുഴ കുഞ്ഞാണ്ടന്റെ  ജോർജ് പുളിങ്കാട്  പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വള്ള  പാടിന് തോറ്റു  പോയി .വാട്സ്‌ആപ്പ് മെസേജ് അയച്ചും ;ഫോൺ വിളിച്ചും അദ്ദേഹത്തിന്റെ വലത്തേ കൈപ്പത്തിയുടെ ചൂണ്ടു വിരലിനു കട്ട് കഴപ്പ് വന്നതല്ലാതെ ഒന്നും സംഭവിച്ചില്ല .ഇക്കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജ് രണ്ടു പ്രാവശ്യം വീട്ടിൽ ചെന്നു.ഞാൻ പാലായീന്ന് വീട്ടിലേക്കു വരുവാ എന്ന് ഫ്രാൻസിസ് ജോർജ് വിളിച്ചറിയിച്ചതും ഉടുത്തിരുന്ന ഡ്രസ്സിൽ കാറിൽ കയറി ഊട് വഴിയിലൂടെ വിട്ട് പോയി .പാവം ഫ്രാൻസിസ് ജോർജ് എന്തോ കളഞ്ഞ അണ്ണാനെ  പോലെ തിരിച്ചു പോന്നു.ഇത് പല പ്രാവശ്യം ആവർത്തിച്ചപ്പോൾ അദ്ദേഹവും മടുത്തു.കിടങ്ങൂരാനെ  പിടിക്കൽ ഓപ്പറേഷന്റെ അടുത്ത ഊഴം പി ജെ യുടെ മകനായിരുന്നു.രാത്രിയിലാണ് ചെന്നത് എന്നതിനാൽ കിടങ്ങൂരാന് ഓടാൻ പറ്റിയില്ല.പിറകിൽ നിന്നാണ് കയറി പിടിച്ചത് .മൂന്നാമത്തെ ഓപ്പറേഷനിലാണ് പി ജെ യുടെ മകൻ കിടങ്ങൂരാനെ  വീഴിച്ചത്.

ലോക്സഭാ തെരെഞ്ഞെടുപ്പിൽ  ഫ്രാൻസിസ് ജോർജ് വിജയിച്ചത് താൻ കാരണമാണെന്ന പതിവ് പല്ലവി കിടങ്ങൂരാൻ പാടി നടന്നിട്ടും ആരും മൈൻഡ് ചെയ്തില്ല .കൊഴുവനാലിലെ രാഹുൽ ഗാന്ധിയുടെ പാർട്ടിക്കാർ ഒട്ടും തന്നെ മൈൻഡ് ചെയ്യുന്നില്ല ഇപ്പോൾ.അവർ ഇദ്ദേഹത്തെ ജൂനിയർ മാൻഡ്രേക്ക് എന്നാണിപ്പോൾ അഭിസംബോധന ചെയ്യുന്നത് .പിന്നെ സജീവമായി നില നില്ക്കാൻ സ്‌നേഹവീട് എന്നൊരു പദ്ധതി നടപ്പിലാക്കി .പദ്ധതി നടപ്പിലാക്കുന്നത് മുഴുവൻ തൊടുപുഴ കുഞ്ഞാണ്ട കോൺഗ്രസുകാരാണെങ്കിലും മുതലെടുപ്പ് കിടങ്ങൂരാന് മാത്രമുള്ളതാണ് .അതിന്റെ ഊടും പാവുമായി വർത്തിക്കുന്നത് തൊടുപുഴ കുഞ്ഞാണ്ട കോൺഗ്രസിലെ കാട്ടിൽ  കാവുള്ള സന്തോഷമുള്ള റിട്ടയേർഡ് ഹെഡ് മാസ്റ്ററാണ്.അദ്ദേഹവും ഇപ്പോൾ കിടങ്ങൂരാനുമായി അത്ര രസത്തിലല്ല.അതുകൊണ്ടു തന്നെ സ്‌നേഹവീട് സ്നേഹമില്ലാത്ത വീടായി മാറികൊണ്ടിരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

കൊഴുവനാൽ ;അകലക്കുന്നം പഞ്ചായത്തുകളിൽ കർക്കിടകത്തിൽ മഴ പെയ്യുന്നതും;ജനുവരി മാസത്തിൽ റബ്ബർ തോട്ടത്തിൽ റബ്ബർക്കായ പൊട്ടി ചിതറുന്നതും തന്റെ കഴിവ് മൂലമാണെന്നാണ് കിടങ്ങൂരാൻ പലരെയും പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത് .ബ്രില്യന്റിലെ വിജയ ശതമാനം കൂടിയതും;ഓപ്പറേഷൻ സിന്ദൂർ വിജയിച്ചതുമൊക്കെ താൻ കരണമാണെന്നാണ് കരക്കമ്പി പ്രചരിപ്പിക്കുന്നത് .  എന്നാലും താമരാക്ഷനോമാനിയ പിടിപെട്ട കിടങ്ങൂരാന്  ഇപ്പോൾ പാലാ കുഞ്ഞാണ്ട കോൺഗ്രസിൽ ചേരാൻ ഒരു ആശ തുടങ്ങിയിട്ടുണ്ട് .ആശ എന്ന് പറഞ്ഞാൽ മിൻമിനി പാടിയ പോലെ

ചിന്ന ചിന്ന ആശൈ ;ചിറകടിക്കും ആശൈ.
മുത്ത് മുത്ത് ആശൈ ;കൂടി ചേരാൻ ആശൈ ;
ജോമോനുമൊത്ത് കേരളം പടുക്കാൻ 
ഒത്ത് ചേർന്ന് പോകാൻ ഉള്ളിലുള്ള ആശൈ

അതിന് കിടങ്ങൂരാന് കുറെയേറെ ന്യായങ്ങൾ പറയാനുണ്ട് .യു  ഡി എഫ് ലേബലിൽ ഭരണങ്ങാനത്ത് നിന്നാൽ വിജയിക്കില്ല .കുറവിലങ്ങാട് നിന്നാൽ വിജയിക്കില്ല ;കിടങ്ങൂർ വിജയിക്കില്ല ;അതിരമ്പുഴയിൽ വിജയിക്കില്ല ;കടുത്തുരുത്തിയിൽ വിജയിക്കില്ല പിന്നെ തൊടുപുഴ കുഞ്ഞാണ്ടനിൽ നിന്നിട്ടെന്താ കാര്യം .ജില്ലാ പഞ്ചായത്ത് ഭരണവും കിട്ടില്ല .പോരെ പൂരം .അതേസമയം കിടങ്ങൂരാന്  പാലാ കുഞ്ഞാണ്ട കോൺഗ്രസ് നൽകുമെന്ന് പറയുന്ന അതിരമ്പുഴ സീറ്റിൽ ഇപ്പോൾ തന്നെ അവരുടെ പാർട്ടിയിലെ രണ്ടോളം നേതാക്കൾ ഇടി തുടങ്ങിയിട്ടുണ്ട് .പ്രതിസന്ധികാലത്ത് കൂടെ നിന്നവരെ അവഗണിച്ച് ദേശാടന പക്ഷികളെ ചേർത്ത് സീറ്റ് ദാനം ചെയ്‌താൽ അത് തൊടുപുഴ കുഞ്ഞാണ്ട കോൺഗ്രസിന് സീറ്റ് കൊടുത്തെന്നു കൂട്ടിക്കോ എന്നാണ് പാലാ കുഞ്ഞാണ്ട കോൺഗ്രസിന്റെ അതിരമ്പുഴ പ്രാദേശിക നേതാക്കൾ പറയുന്നത് .അതിരമ്പുഴയിൽ തൊടുപുഴ കുഞ്ഞാണ്ട കോൺഗ്രസിന്റെ മോന്സിന്റെ പ്രിയങ്കരനായ അഭിഭാഷകൻ രംഗത്തെത്തുമെന്നും ഉറപ്പാണ് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top