
നിലമ്പൂർ വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വെച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു.രണ്ട് പേർക്ക് പരുക്കേറ്റു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഒരു കുട്ടിയും നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മറ്റൊരാളെ പാലാട് സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ആമാടൻ സുരേഷ്, ശോഭ ദമ്പതികളുടെ മകൻ മണിമൂളി സികെഎച്ച്എസ് പത്താം ക്ലാസ് വിദ്യാർത്ഥി ജിത്തു എന്ന് വിളിക്കുന്ന അനന്തുവാണ് മരിച്ചത്. കെഎസ്‌ഇബി ലൈനിൽ നിന്ന് നേരിട്ട് പന്നിക്കെണിയിലേക്ക് വൈദ്യുതിക്കായി ലൈൻ വലിച്ചുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം.
അഞ്ച് കുട്ടികളിൽ നാല് പേർക്കാണ് വൈദ്യുതാഘാതമേറ്റത്. ഇവരിൽ രണ്ട് പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമെന്നാണ് വിവരം. സംഭവത്തിൽ സർക്കാർ വീഴ്ച ആരോപിച്ച് സമരവുമായി രംഗത്തിറങ്ങിയ കോൺഗ്രസ് പ്രവർത്തകർ രാത്രി സംസ്ഥാന പാത ഉപരോധിച്ചു. വന്യജീവി ശല്യം രൂക്ഷമായത് കൊണ്ടാണ് ഇത്തരത്തിലുള്ള ഫെൻസിങ് സ്ഥാപിക്കാൻ ആളുകൾ നിർബന്ധിതരാകുന്നതെന്നും വൈദ്യുതി ലൈനിൽ നിന്ന് പന്നിക്കെണിയിലേക്ക് വൈദ്യുതിക്കായി ലൈൻ വലിച്ചതിൽ കെഎസ്ഇബിയുടെ ഭാഗത്തും വീഴ്ചചയുണ്ടെന്നും കോൺഗ്രസ് വിമർശിക്കുന്നു.
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കെണിയിൽ നിന്നാണ് വിദ്യാർഥിക്കടക്കം ഷോക്കേറ്റതെന്നും വനംവകുപ്പിനോ സർക്കാറിനോ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടം നടന്നത് ഖേദകരമാണ്. സംഭവത്തെ രാഷ്ട്രീയവത്കരിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ചിലർ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നത്. സംഭവം അന്വേഷിക്കുമെന്നും വനംവകുപ്പിന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

