
ഈരാറ്റുപേട്ട: ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായില്‍ നബിയുടെയും ത്യാഗസ്മരണയുടെ മഹത്തായ സന്ദേശവുമായി വിശ്വാസികള്‍ ശനിയാഴ്ച ബലിപെരുന്നാള്‍ ആഘോഷിച്ചു.

രാവിലെതന്നെ പള്ളികളിലും ഈദ്ഗാഹുകളിലും ബലിപെരുന്നാള്‍ നമസ്‌കാരം നടന്നു. നടക്കൽ സ്പോർട്ടിഗോ ടർഫിൽ സംഘടിപ്പിച്ച ഈരാറ്റുപേട്ട സംയുക്ത ഈദ് ഗാഹിൽ മൌലവി ഹാഷിർ നദ്‌വി നമസ്കാരത്തിന് നേതൃത്വം നൽകി. പുതുവസ്ത്രങ്ങളണിഞ്ഞ് സുഗന്ധ ദ്രവ്യങ്ങൾ പൂശി എത്തിയ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ഈദ് ഗാഹിൽ ഒത്തുകൂടി. നമസ്കാരത്തിന് ശേഷം പരസ്പരം ആലിംഗനം ചെയ്തും ഹസ്തദാനം ചെയ്തും വിശ്വാസികൾ സന്തോഷം പങ്കിട്ടു.
കടുവാമുഴി വിസ്ഡം ഈദ് ഗാഹിൽ ആസിഫ് അൽ ഹിഖമിയും നേതൃത്വം നൽകി.കെ.എൻ.എമിൻ്റെ നേതൃത്വത്തിൽ മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിലും ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിലും ഈദ് ഗാഹുകൾ നടന്നു.ലോകമെമ്പാടും പീഡനമനുഭവിക്കുന്ന ജനതക്കു വേണ്ടിയും പ്രത്യേകിച്ച് ഇസ്രായിലിന്റെ വംശഹത്യക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഗസ്സയിലെ പീഡിതരായ ജനങ്ങൾക്കു വേണ്ടിയും ഇമാമുമാർ പ്രാർഥിച്ചു.
ഈരാറ്റുപേട്ട ടൗൺ നൈനാർ മസ്ജിദിൽ അഷറഫ് മൗലവി, പുത്തൻ പള്ളി ജുമാ മസ്ജിദിൽ അലി ബാഖവി, മുഹ്‌യിദ്ദീൻ മസ്ജിദിൽ മുഹമ്മദ് സുബൈർ മൗലവി അൽ ഖാസിമി എന്നിവർ നേതൃത്വം നൽകി. ഈരാറ്റുപേട്ടയിലെ മറ്റു മസ്ജിദുകളിലും പെരുന്നാൾ നമസ്കാരവും നടന്നു.നമസ്കാര ശേഷം പള്ളികൾ കേന്ദ്രീകരിച്ച് ബലി കർമവും നടത്തി. ബലി മാംസം ഈരാറ്റുപേട്ടയിലെ മുഴുവൻ വീടുകളിലും വിതരണം ചെയ്തു.

