സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരും കാസർകോടും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. അതിനാൽ തന്നെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ഇന്നലെ രാത്രി പെയ്ത മഴയിൽ പലയിടത്തും വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് നെല്ലിയാമ്പതിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

സാധാരണയേക്കാൾ കൂടുതൽ മഴ പ്രതീക്ഷിക്കുന്ന ഈ കാലവർഷക്കാലത്ത്, ആദ്യ ദിവസങ്ങളിൽ തന്നെ കനത്ത മഴയാണ് ലഭിക്കുന്നത്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. ജൂൺ ഒന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.


