പാലാ ഗവ. പോളിടെക്നിക്ക് കോളേജിന് വീണ്ടും അഭിമാന നേട്ടം – പാലാ നഗരത്തിൻ്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് കാനാട്ടുപാറയെന്ന പ്രകൃതി മനോഹരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന, നൂതനമായ ശാസ്ത്ര സാങ്കേതികവിദ്യകൾ അഭ്യസിപ്പിക്കുന്ന മാതൃകാ വിദ്യാലയമായ പാലാ ഗവ. പോളിടെക്നിക്ക് കോളേജിലെ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് വിഭാഗത്തിന് ഇപ്പോൾ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ്റെ അംഗീകാരം ലഭിച്ചിരിക്കുന്നു. 2023-ൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീറിങ് വിഭാഗത്തിനും എൻ ബി എ അഗീകാരം ലഭിച്ചിരുന്നു. ഇതോടെ 50% പ്രോഗ്രാമുകകൾക്കും എൻ ബി എ യുടെ അഗീകാരം നേടുന്ന സ്ഥാപനമായി പാലാ ഗവഃ പോളിടെക്‌നിക് കോളേജ് മാറി. മാത്രമല്ല ഇൻസ്ട്രുമെന്റഷന് എഞ്ചിനീയറിംഗ് വിഭാഗത്തിന് എൻ ബി എ അക്രഡിറ്റേഷൻ കിട്ടുന്ന കേരളത്തിലെ തന്നെ ആദ്യ സ്ഥാപനം എന്ന ബഹുമതിയും പാലാ ഗവഃ പോളിടെക്‌നിക് കോളേജിന് ലഭിക്കും.

1984 ൽ സ്ഥാപിതമായ ഈ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം നാല് പ്രധാനപ്പെട്ട വിഭാഗങ്ങളിലായി ത്രിവൽസര ഡിപ്ലോമ കോഴ്സുകൾ പ്രദാനം ചെയ്യുന്നു. പഠനത്തിന് ശേഷം പ്രശസ്ത സ്ഥാപനങ്ങളിൽ ക്യാമ്പസ് ഇന്റർവ്യൂ വഴി ജോലി, തുടർ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് പ്രശസ്ത എഞ്ചിനീയറിംഗ് കോളേജുകളിലേക്കു രണ്ടാം വർഷത്തേക്കു നേരിട്ട് പ്രവേശനം, തൊഴിൽ ദാതാവ് ആവാനുള്ള അവസരം ഇതെല്ലാം ഡിപ്ലോമ കഴിഞ്ഞു ഉള്ള അവസരങ്ങൾ ആണ്.

പത്താം ക്ലാസിനു ശേഷം ഒന്നാം വർഷത്തിലേക്കും, പ്ലസ് 2 സയൻസ്, ITI എന്നിവ കഴിഞ്ഞവർക്ക് നേരിട്ട് രണ്ടാം വര്ഷത്തിലേക്കും പ്രവേശനം നേടാവുന്നതാണ്. ഈ വർഷത്തെ അഡ്മിഷന് വേണ്ടി https://www.polyadmission.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണെന്നു പ്രിൻസിപ്പാൾ ശ്രീമതി റീനു ബി ജോസ് അറിയിച്ചു.
വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം ഉറപ്പുവരുത്തുവാനാവശ്യമായ ബോധനരീതി നടപ്പിലാക്കുവാനാണ് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) അക്രഡിറ്റേഷനുവേണ്ടി നിഷ്കർഷിക്കുന്നത്. അക്രെഡിറ്റഡ് ആയ പ്രോഗ്രാമുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യയിലും വിദേശത്തും മറ്റുമുള്ള ജോലികൾക്കു മുൻഗണനയും ലോകനിലവാരത്തിലുള്ള വേതന വ്യവസ്ഥകൾക്ക് അർഹതയുമുണ്ടാവും.

