
ഈരാറ്റുപേട്ട: മാങ്ങയും ചക്കയും ആവോളം തിന്ന്, പാടത്ത് ഓടിയും ചാടിയും കളിച്ച്, തോട്ടിലും കുളത്തിലും കുളിച്ച് തിമിർത്ത് ആസ്വദിച്ച രണ്ട് മാസത്തെ അവധിക്കാലത്തിന് വിട. കുട്ടിക്കൂട്ടം നാളെമുതൽ വീണ്ടും സ്കൂളിലേക്ക്. കാലവർഷത്തിന്റെ ശക്തി അൽപ്പം കുറഞ്ഞതിനാൽ സ്കൂൾ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം സ്കൂളികളിലെല്ലാം പൂർത്തിയായി. പ്രവേശനോത്സവത്തിനായി മുഴുവൻ വിദ്യാലയങ്ങളും തയ്യാറായിക്കഴിഞ്ഞു.

പുതിയ അദ്ധ്യയന വർഷം നാളെ ആരംഭിക്കാൻ ഇരിക്കെ സ്‌കൂൾ വിപണിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി സ്കൂൾ വിപണി സജീവമാണ്. സൂപ്പർ ഹീറോകളുടെ ചിത്രം ആലേഖനം ചെയ്ത സ്‌കൂൾ ബാഗുകൾ, വർണ്ണ കുടകൾ, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ തുടങ്ങിയവയ്ക്ക് ആവശ്യക്കാർ ഏറെയായിരുന്നു. നോട്ട് ബുക്ക്, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവയ്ക്കും നല്ല കച്ചവടമായിരുന്നു. ചെരുപ്പ് കടകളിലും വലിയ തിരക്കായിരുന്നു.
കാലവർഷം കടകളിലെ തിരക്കിനെ ബാധിച്ചിരുന്നു. എന്നാൽ ഇന്നലെ ഉച്ചമുതൽ മഴ മാറി നിന്നത് ആശ്വാസമായി. തിരക്കേറിയതോടെ നഗരങ്ങളിൽ ഗതാഗത കുരുക്കും രൂക്ഷമായി.സ്‌കൂൾ തുറക്കുന്ന നാളെ മുതൽ മുഴുവൻ വിദ്യാലയങ്ങൾക്കരികിലും ഈരാറ്റുപേട്ട ടൗണിലും ട്രാഫിക് ഡ്യൂട്ടിക്കായി പൊലീസിനെ നിയോഗിക്കണമെന്ന് പി.ടി.എ കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

