Kerala

പാലായുടെ തിലകക്കുറിയായി വാഴ്ത്തപ്പെടുന്ന പാലാ ടൗൺ കുരിശുപള്ളി നവീകരിച്ച ശേഷം ഇന്ന്  (31/05/2025) വെഞ്ചരിക്കുമ്പോൾ ചില സ്വാർത്ഥ താല്പര്യക്കാരുടെ നിർദ്ദേശാനുസരണം  കുരിശുപള്ളി സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തമസ്ക്കരിച്ചതായി പരാതി

പാലാ: പാലായുടെ തിലകക്കുറിയായി വാഴ്ത്തപ്പെടുന്ന പാലാ ടൗൺ കുരിശുപള്ളി നവീകരിച്ച ശേഷം ഇന്ന്  (31/05/2025) വെഞ്ചരിക്കുമ്പോൾ ചില സ്വാർത്ഥ താല്പര്യക്കാരുടെ നിർദ്ദേശാനുസരണം  കുരിശുപള്ളി സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തമസ്ക്കരിച്ചതായി പരാതി. കുരിശുപള്ളിയുടെ സ്ഥാപനത്തിനായി പ്രവർത്തിച്ചവരെക്കുറിച്ചോ കുരിശുപള്ളിസ്ഥാപന വിവരങ്ങളെക്കുറിച്ചോ പറയാതിരുന്നതോടെ പ്രശസ്തമായ കുരിശുപള്ളി ചരിത്രം പുതുതലമുറയ്ക്ക് അജ്ഞാതമായി അവശേഷിക്കുകയാണെന്നും ആക്ഷേപമുണ്ട്. ചരിത്രം പറയാതിരിക്കുന്നത് പൂർവ്വികരെ അവഗണിക്കലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഈ സാഹചര്യത്തിൽ പാലാ സെൻ്റ് തോമസ് കത്തീഡ്രൽ പള്ളി പുറത്തിറക്കിയ സ്മരണിക -1990 ൽ പ്രസിദ്ധീകരിച്ച പാലാ ടൗൺ കുരിശുപള്ളിയെക്കുറിച്ചുള്ള ഭാഗങ്ങളിൽനിന്നുള്ള കാര്യങ്ങൾ ഇതോടൊപ്പം ചേർക്കുന്നു.പൗരാണിക പ്രസിദ്ധമായ പാലാ നഗരത്തിൻ്റെ തിലകക്കുറിയായി വർത്തിക്കുന്ന പാലാ ടൗൺ കുരിശുപള്ളി കപ്പേളയെ ഇവിടുത്തെ ക്രൈസ്തവ വിശ്വാസത്തിൻ്റെ പ്രതീകമായി വിലയിരുത്തുന്നു. അനേകരുടെ ചിരകാലസ്വപ്‌നത്തിൻ്റെ സാക്ഷാൽക്കാരമാണ് അതിമനോഹരമായ ഈ ശിലാസൗധം.

പാലായുടെ വിജയഗോപുരമായ നഗരമദ്ധ്യത്തിലുള്ള ഈ കുരിശുപള്ളിയുടെ സ്ഥാപനം സംബന്ധിച്ചും കൗതുകമുണർത്തുന്ന ചില കഥകളുണ്ട്. മീനച്ചിലാറ്റിൻ്റെ വടക്കേകരയിലുള്ള പാലാ കമ്പോളത്തിലും പരിസരപ്രദേശങ്ങളിലും താമസിച്ചിരുന്ന ഒട്ടേറെ കുടുംബക്കാർ ളാലം പള്ളിയും പുത്തൻ പള്ളിയും ഉണ്ടായതിനുശേഷവും വലിയപള്ളി ഇടവകക്കാരായി തുടർന്നുപോന്നു. കാലവർഷത്തിൽ ആറു നിറഞ്ഞൊഴുകുന്ന മാസങ്ങളിൽ സ്വന്തം ഇടവകപള്ളിയിൽപോയി തിരു കർമ്മാദികൾ നടത്താൻ അവർക്കു കഴിഞ്ഞിരുന്നില്ല. വലിയ പള്ളിക്കു നിയമപ്രകാരമുള്ള എല്ലാ വിഹിതങ്ങളും കൊടുത്തുകൊണ്ടിരുന്ന ഇക്കൂട്ടർ ളാലം പള്ളിക്കു യാതൊരു സഹായവും ചെയ്യുന്നില്ലെന്നൊരു പരാതി, ബന്ധപ്പെട്ട ഇടവകക്കാർക്കുണ്ടായിരുന്നു. ഹാസ്യസമ്രാട്ടായിരുന്ന ഒരു വികാരിയച്ചൻ ഒരു ഞായറാഴ്ച പ്രസംഗത്തിനിടയിൽ ഇങ്ങനെ പറയുകയുണ്ടായത്രെ “മറ്റുള്ള ഇടവകക്കാരിൽനിന്നും ളാലം പള്ളിക്കുണ്ടാകുന്ന വരുമാനം അവർ പള്ളിയിൽ ചവിട്ടിക്കയറ്റുന്ന ചേറും ചെളിയുമാണ്”. ഇതു വലിയപള്ളി ഇടവകക്കാരെ വല്ലാതെ ചൊടിപ്പിച്ചു. അഭിമാനത്തിനു ക്ഷതമേറ്റ അവർ ഒരുമിച്ചുകൂടുകയും ളാലം പള്ളിയിൽനിന്ന് 200 മീറ്റർപോലും അകലെയല്ലാതെ പുതിയൊരു കുരിശുപ്പള്ളി വി. തോമ്മാശ്ലീഹായുടെ നാമത്തിൽ പണിയാൻ തീരുമാനിച്ച് 1837 ൽ പണിപൂർത്തിയാക്കി.

ഇതിനു മുൻകൈയെടുത്തത് പടിഞ്ഞാറെക്കര കുടുംബക്കാരാണ്. പടിഞ്ഞാറെക്കര കുടുംബത്തിന്റെ ആസ്ഥാനം ഇപ്പോൾ കുരിശുപള്ളിയിരിക്കുന്ന സ്ഥലത്തിനു തൊട്ടടുത്തായിരുന്നു. പാലാ വലിയപള്ളിയിൽ നിന്നും ചിലർ പിണങ്ങി സ്ഥാപിച്ചതാണ് ഈ കുരിശുപള്ളിയെന്നും പറയുന്നുണ്ട്.പാലാ കമ്പോളത്തിനഭിമുഖമായി സെൻ്റ് തോമസിന്റെ നാമത്തിൽ നിർമ്മിച്ച ഈ പള്ളിയുടെ ദർശനം പടിഞ്ഞാറോട്ടായിരുന്നു. പരിശുദ്ധ  കന്യകാമറിയത്തിൻറെ അമലോത്ഭവം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ സുവർണ്ണജൂബിലി സ്മാരകമായിട്ടാണ് 1904 ൽ കിഴക്കോട്ടു ദർശനമായി കുരിശുപള്ളിയുടെ പിറകിലായി ഒരു കപ്പേളകൂടി അമലോത്ഭവ മാതാവിന്റെ നാമത്തിൽ പണികഴിപ്പിച്ചതും പ്രസിദ്ധമായ ജൂബിലിത്തിരുനാളിനു തുടക്കം കുറിച്ചതും.

അതോടെ, അന്നോളമുണ്ടായിരുന്ന വിഭാഗീയ ചിന്താഗതികൾ വിസ്തൃതങ്ങളാവുകയും കുരിശുപള്ളിയും കപ്പേളയും പാലായുടെ ഐക്യത്തിൻ്റെയും പ്രബുദ്ധതയുടേയും പ്രതീകങ്ങളായി മാറുകയും ചെയ്തു.പാലാ ഇടവകക്കാരനും കർമ്മലീത്താസഭാംഗവുമായ തയ്യിൽ ബഹു.എസ്തപ്പാനോസച്ചൻ ഫ്രാൻസിൽ നിന്നും അതിമനോഹരങ്ങളായ മൂന്നുതിരുസ്വരൂപങ്ങൾ വരുത്തി. ഒന്ന് ചങ്ങനാശ്ശേരി പാറേൽ പള്ളിക്കും. ഒന്ന് പാലാ വലിയപള്ളിക്കും. ഒന്ന് മാന്നാനം ആശ്രമദേവാലയത്തിനും നൽകി. പാലാ പള്ളിക്കു ലഭിച്ച രൂപമാണ്, പള്ളിയധികാരികൾ 1904 ഡിസംബർ 8-ാം തീയതി പുതിയ കപ്പേളയിൽ പ്രതിഷ്ഠിച്ചത്. അന്നു മുതൽ കുരിശുപള്ളി “ജൂബിലി കപ്പേള” എന്നറിയപ്പെടാനും എല്ലാവർഷവും ഡിസംബർ 8-ാം തീയതി മാതാവിൻ്റെ തിരുനാൾ അത്യാഡംബരപൂർവ്വം ജൂബിലിത്തിരുനാൾ എന്ന പേരിൽ പാലാ നഗരത്തിന്റെ ദേശീയോത്സവമായി ആഘോഷിക്കുവാനും തുടങ്ങി.

1934 ആഗസ്റ്റ് 3-ാം തീയതി വെള്ളിയാഴ്ച അർദ്ധരാത്രിയിൽ ഈ തിരുസ്വരൂപം ഏതോ കുബുദ്ധികൾ തകർത്തു. ഈ സംഭവം നഗരവാസിളെ വളരെയധികം ദുഃഖത്തിലാഴ്ത്തി. 1934 ആഗസ്റ്റ് 15-ാം തീയതി മറെറാരു തിരുസ്വരൂപം കേരളത്തിലെ വിവിധ റീത്തുകളിൽപ്പെട്ട മെത്രാന്മാരുടെ സാന്നിദ്ധ്യത്തിൽ ചങ്ങനാശ്ശേരി മെത്രാൻ മാർ ജെയിംസ് കാളാശ്ശേരി പുനഃപ്രതിഷ്ഠിച്ചു.കപ്പേളയിൽ ശാശ്വതമായി സ്ഥാപിക്കാൻ വേണ്ടി ശ്രീ ജോർജ്ജ് തോമസ് കൊട്ടുകാപ്പള്ളിയുടെ അഭ്യർത്ഥനയനുസരിച്ച്, അന്നു റോമിൽ പഠിച്ചു കൊണ്ടിരുന്ന റവ. ഡോ. സി. റ്റി കൊട്ടാരം ഇറ്റലിയിൽ മാർബിളിൽ നിർമ്മിച്ച മാതാവിൻ്റെ തിരുസ്വരൂപം കപ്പൽ മാർഗ്ഗം അയച്ചുതന്നു. അതാണ് ഇപ്പോൾ കപ്പേളയിൽ കാണുന്ന തിരുസ്വരൂപം.

മാർ ജെയിംസ് കാളാശ്ശേരി മെത്രാൻ്റെ കല്പനപ്രകാരം 1934 സെപ്റ്റംബർ 1-ാം തീയതി മുതൽ കപ്പേളയുടെ സുരക്ഷിതത്വത്തിനു വേണ്ടി പാലായിലെ മൂന്നു പള്ളിക്കാരും ചേർന്ന് കുരിശുപള്ളിക്കാര്യം നടത്തിവന്നിരുന്നു.\1950-ൽ പാലാ രൂപതയുടെ സ്ഥാപനത്തോടെ, അടിക്കടി വളർന്ന് വമ്പിച്ച പുരോഗതി നേടിയ പാലാ നഗരത്തിൻ്റെ പ്രൗഢിക്കിണങ്ങും വിധം പുതുമയും പ്രത്യേകതയുമാർന്ന പുതിയൊരു കുരിശുപള്ളി നിർമ്മിക്കണമെന്ന നാട്ടുകാരുടെ തീരുമാനത്തെ സഭാധികാരികളും അംഗീകരിച്ചതിൻ്റെ ഫലമാണ് മനോഹരവും മഹാർഹവുമായ ഇപ്പോഴത്തെ ചാപ്പൽ.

മാർ സെബാസ്റ്റ്യൻ തിരുമേനി തന്നെ ഈ കപ്പേളയുടെ നിർമ്മാണത്തിനു നേതൃത്വവും നിർദ്ദേശങ്ങളും നൽകിയിരുന്നു. കുരിശുപള്ളിയും പഴയകപ്പേളയും പൊളിച്ചു മാറ്റി അതേസ്ഥാനത്തു തന്നെയാണ്, മദ്രാസിലെ പ്രിൻ, ആബർട്ട് ആൻ്റ് ഡേവീസ് കമ്പനിക്കാർ തയ്യാറാക്കിയ പ്ലാൻ അനുസരിച്ച് ശില്പസുന്ദരമായ പുതിയ ചാപ്പൽ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

ചെത്തിമിനുസപ്പെടുത്തിയ 14444 കരിങ്കല്ലുകൾ കൊണ്ട് പണിതുയർത്തിയതും മൗര്യകലകളുടെയും ആധുനികകലകളുടേയും ഒരു സംഗമവേദിയുമായ പാലായുടെ ഈ ശ്രേഷ്ഠഗോപുരത്തിൻ്റെ മുകളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒറ്റക്കല്ലിലുള്ള ക്രിസ്തുരാജ്പ്രതിമയ്ക്ക് 12.5 അടി ഉയരവും 5.5 ടൺ ഭാരവുമുണ്ട്.1953 ൽ പണിയാരംഭിച്ച കപ്പേള പൂർത്തിയായത് 1977 ലായിരുന്നു.

1977 ഡിസംബർ 7-ാം തീയതി അഭിവന്ദ്യ വയലിൽ തിരുമേനി തന്നെ ഈ കപ്പേള ആശീർവ്വദിച്ചു. 1978 ഫെബ്രുവരി 9-ാംതീയതിയാണ് ക്രിസ്തുനാഥൻ്റെ പ്രതിമ കപ്പേളയുടെ മുകളിൽ പ്രതിഷ്ഠിച്ചത്.ഈ കുരിശുപള്ളിയിൽ ആണ്ടുതോതും നടത്തിവരാറുള്ള ജൂബിലി തിരുനാളിനെ പാലായുടെ ദേശീയോത്സവമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

പാലാ പ്രദേശങ്ങളിൽനിന്നും മലബാറിലും ഹൈറേഞ്ചിലുമൊക്കെ കുടിന്മേറിയവരും വിദേശങ്ങളിൽ ജോലിയിലിരിക്കുന്നവരും വിവിധ കാരണങ്ങളാൽ സ്ഥലം വിട്ടുപോയവരും ഈ തിരുനാൾ ദിവസങ്ങളിലാണ് കഴിവതും കുടുംബസമേതം തന്നെ നാട്ടിൽ എത്തിച്ചേരുന്നത്.കുരിശുപള്ളിപണിയുടെ നേതൃത്വം വഹിച്ച പാലാപള്ളിയുടെ വികാരിമാരിൽ പ്രമുഖർ ബഹു. ജോസഫ് കോയിപ്പുറം, ജേക്കബ് മാളേക്കൽ, മാത്യു മഠത്തിക്കുന്നേൽ എന്നിവരാണ്.

കപ്പേളയുടെ മുകളിൽ പ്രശസ്തരായ ജോജോ വാച്ചു കമ്പനിക്കാർ ഏറ്റം നവീനമായ രീതിയിൽ ഡിസൈൻ ചെയ്തതും 6.5 അടി വ്യാസമുള്ളതും 4 ഡയലുകളുള്ളതുമായ ഇലക്ട്രോണിക് ടവ്വർ ക്ലോക്ക് സ്ഥാപിച്ചത് പെ. ബഹു. ജോർജ് പ്ലാത്തോട്ടത്തിൻ്റെ ഭരണ കാലത്താണ്. മണർകാട് പാപ്പൻ എന്ന ജോസഫ് മൈക്കിൾ മണർകാട് കുരിശുപള്ളി സ്ഥാപനത്തിനു നൽകിയ സംഭാവനകളും വിസ്മരിക്കാനാവുകയില്ലെന്നു പഴയതലമുറയിൽപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.

കാഴ്ചയുടെ ഭംഗിക്കപ്പുറം വിശ്വാസത്തിന്റെ പ്രതീകമായി കുരിശുപള്ളി അറിയപ്പെടുന്നു. കുരിശുപളളിക്ക് തറക്കല്ലിടുന്ന് 1953 ൽ പാലാ രൂപതയുടെ പ്രഥമ മെത്രാനായ മാർ സെബാസ്റ്റ്യൻ വയലിലാണ്. തക്കല സ്വദേശിയായ മരിയ സൂസാ എന്ന കൽപണി ക്കാരന്റെ നേതൃത്വത്തിൽ 23.5 വർഷമെടുത്താണ് പണി പൂർത്തിയാക്കിയത്. അന്ന് പതിനാല് ലക്ഷം രൂപയായി. പൂർണമായും കല്ലിൽ കൊത്തിയിരിക്കുന്ന ഈ ദേവാലയത്തിന്റെ ഉയരം 140 അടിയാണ്. ഇതിന് മുകളിലായി 12.5 അടി ഉയരമുള്ള ക്രിസ്തുരാജന്റെ രൂപം. മുകളിലേക്ക് കയറാനായി 110 അടിവരെ പടികളുണ്ട്. അത് കഴിഞ്ഞാൽ പിന്നെ ഗോവണിയാണ്. പാലായിലെ നിരവധി വിശ്വാസികളുടെ സഹകരണത്തോടെയാണ് കുരിശുപള്ളി നിർമ്മാണവും ഇപ്പോൾ നവീകരണം പൂർത്തീകരിക്കപ്പെട്ടത്.

പായൽ കഴുകി കല്ലിൻറെ ഭംഗി തിരിച്ചു കൊണ്ടുവരികയും ചോർച്ച പരിഹരിക്കുകയും ചെയ്തു. ജനലുകളുടെയും മറ്റും കേടുപാടുകൾ പോക്കുകയും, മിന്നൽ രക്ഷാചാലകം കൂടുതൽ ശക്തിമത്താക്കുകയും, ഇലക്ട്രിക്കൽ സംവിധാനങ്ങൾ നവീകരിക്കുകയും ചെയ്തു. ജനാലകളും മറ്റും സ്റ്റെയ്ൻസ്സ് ഗ്ലാസ് പിടിപ്പിക്കുകയും രാത്രകാഴ്ച മനോഹരമാക്കാൻ പ്രൊജക്ഷൻ ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തതോടെ പൂർവ്വാധികം പ്രൗഢിയിലാണ് കുരിശുപള്ളി ഇപ്പോൾ. 65 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് കുരിശുപള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top