
കോട്ടയം: കോട്ടയം ജില്ലയിലെ കഞ്ചാവ് വിതരണത്തിന്റെ പ്രധാന കണ്ണിയായ അലോട്ടിയുടെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് റെയ്ഡ് നടത്താൻ എത്തിയ ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും മുളക് സ്പ്രേ അടിച്ച് മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് പതിനേഴര വർഷം തടവ്.
നിരവധി കേസുകളിൽ പ്രതിയായ അലോട്ടി എന്ന ജെയ്സ്മോൻ (31) കൊപ്രായിൽ വീട് ആർപ്പൂക്കര , അഖിൽരാജ് (28) ചക്കിട്ടപറമ്പിൽ വീട് ആർപ്പൂക്കര,
ലിറ്റോ മാത്യു പൊരുന്നകോട്ടിൽ വില്ലുന്നി (26),ടോമി ജോസഫ് (28) പാലത്തിൽ വീട് വില്ലുന്നി ,ഹരിക്കുട്ടൻ സത്യൻ(25) തോപ്പിൽ വീട് വില്ലൂന്നി
എന്നിവരെയാണ് കോട്ടയം അസിസ്റ്റൻ്റ് സെഷൻസ് ജഡ്ജ് മനീഷ് D.A. 17 വർഷവും 6 മാസവും തടവും 25000/- രൂപ പിഴയും ശിക്ഷിച്ചത്.
മൂന്നാം പ്രതി ജിബിൻ ബിനോയി വിചാരണവേളയിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയിരുന്നു.
2018 മെയ് മാസം എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത് ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്തുള്ള ഒന്നാംപ്രതി അലോട്ടി എന്ന ജെയ്‌സ് മോന്റെ വീട് പരിശോധനയ്ക്ക് എത്തിയ ഏറ്റുമാനൂർ എക്സൈസ്ഇൻസ്പെക്ടർ രാകേഷ് ബി ചിറയാത്തിനെയും സംഘത്തിനെയും ആണ് പ്രതികൾ മുളക് സ്പ്രേ മുഖത്തടിച്ച് ആക്രമിച്ച് പരിക്കേപിച്ച ശേഷം രക്ഷപ്പെട്ടത്. കുറ്റകരമായി ആയുധങ്ങളുമായി സംഘം ചേർന്ന് ആക്രമിച്ചതിൽ ഇന്ത്യൻ ശിക്ഷാനിയമം 328,323 , 332, 143 , 147, 148, 149, 201 എന്നീ വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയാവും.
ഗാന്ധിനഗർ അഡീഷണൽ സബ് ഇൻസ്പെക്ടർ ആയിരുന്ന കെ . ആർ ഹരികുമാർ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: സണ്ണി ഡേവിഡ്, അഡ്വ ധനുഷ് ബാബു, അഡ്വ: സിദ്ധാർത്ഥ് എസ് എന്നിവർ ഹാജരായി.

