പാലാ :ജനം സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചു ,എന്നിട്ടും കാട്ടേച്ചും കള്ളൻ മുന്നോട്ട് എന്ന സമീപനവുമായി തങ്ങൾ വിശ്വസിക്കുന്ന പാർട്ടി വന്നാൽ എന്ത് ചെയ്യും.അവർ പാർട്ടി വ്യത്യാസമില്ലാതെ എതിരാളിയെ വിജയിപ്പിച്ചു .കഴിഞ്ഞ ദിവസം നടന്ന വലവൂർ നാഷണൽ ലൈബ്രറി തെരെഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് അതാണ് .

കേരളാ കോൺഗ്രസ് (എം) അണികൾ എങ്ങനെ ചിന്തിക്കുന്നു എന്നുള്ളതിന്റെ തെളിവായി വേണം ഈ തെരഞ്ഞെടുപ്പിനെ കാണുവാൻ .വലവൂർ ബാങ്ക് കട്ട് മുടിച്ചിട്ടും ,കട്ട് മുടിപ്പിച്ചവർ ഇന്നും ഞെളിഞ്ഞു നടക്കുന്ന ഒരു സാഹചര്യമാണുള്ളത് .ഇത് കേരളാ കോൺഗ്രസ് അനുയായികളിലും കടുത്ത പ്രതിഷേധം പടർത്തിയിരുന്നു .അങ്ങനെയിരിക്കുമ്പോഴാണ് വലവൂർ നാഷണൽ ലൈബ്രറിയുടെ താലൂക്ക് കൗണ്സിലിലേക്കുള്ള തെരെഞ്ഞെടുപ്പ് വരുന്നത് .
കേരളാ കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷമുള്ള വലവൂർ നാഷണൽ ലൈബ്രറിയിൽ ആകെ 15 അംഗ സമിതിയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ 12 കേരളാ കോൺഗ്രസ് (എം) അംഗങ്ങളും ,ബാക്കി മൂന്ന് സിപിഐ(എം)അംഗങ്ങളുമാണ് തെരഞ്ഞെടുക്കപ്പെട്ടത് .സിപിഐ യെ സീറ്റ് വിഭജന ചർച്ചയിൽ പോലും പരിഗണിച്ചിരുന്നില്ല .അപ്പോഴാണ് താലൂക്ക് കൗൺസിലിലേക്ക് ഉള്ള തെരെഞ്ഞെടുപ്പ് എത്തിയത് .സ്ഥിരമായി രണ്ട് കേരളാ കോൺഗ്രസുക്കാരാണ് തെരെഞ്ഞെടുക്കപ്പെടാറുള്ളത് .
ഇപ്രാവശ്യം കേരളാ കോൺഗ്രസിന്റെ രണ്ടു പേര് മത്സരിക്കുവാൻ നോമിനേഷൻ നൽകി .ജോർജ് വേരനാക്കുന്നേലും .സിബി കട്ടകത്തുമാണ് പത്രിക നൽകിയത്.താലൂക്ക് കൗണ്സിലിലേക്കെങ്കിലും തങ്ങൾക്കു ഒരു സീറ്റ് നൽകണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളാ കോൺഗ്രസ് ആ നിർദ്ദേശം തള്ളി കളയുകയായിരുന്നു .അപ്പോളാണ് സിപിഐ പ്രാദേശിക നേതാവും വലവൂർ സഹകരണ ബാങ്കിലെ ഭരണ സമിതിയംഗവുമായ കെ ജി പ്രകാശ് കൂവയ്‌ക്കൽ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചത് .
സിപിഎം ;സിപിഐ കക്ഷികൾക്ക് നാമ മാത്രമായ വോട്ടുള്ള വായന ശാലയാണ് വലവൂർ നാഷണൽ വായന ശാല .തെരെഞ്ഞെടുപ്പ് നടന്നപ്പോൾ സിപിഐ സ്ഥാനാർഥി കെ ജി പ്രകാശ് വിജയിക്കുകയും ,വായന ശാലയുടെ പ്രസിഡണ്ട് ജോർജ് വേരനാക്കുന്നേൽ തോൽക്കുകയും ചെയ്തത് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിരിക്കുകയാണ് .വലവൂർ ബാങ്കിന്റെ കുടിശിഖ പിരിച്ചെടുക്കാൻ നടത്തിയ നിസ്തുല സേവനത്തിനു ജനങ്ങൾ നൽകിയ അംഗീകാരമാണ് സിപിഐ സ്ഥാനാർത്ഥിയുടെ വിജയം.അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ എന്നും മുന്നിൽ നിന്ന പൊതു പ്രവർത്തകനാണ് കെ ജി പ്രകാശ് കൂവയ്ക്കൽ .അത് നാട്ടുകാർക്കും അറിയാം അന്ത്യാളത്ത് വലവൂർ ബാങ്കിന്റെ കുടിശിഖ പിരിച്ചെടുക്കാൻ ചെന്ന പ്രകാശിന് വധ ഭീഷണി വരെ നേരിടേണ്ടതായി വന്നു .മറ്റ് പല ഡയറക്ടർ ബോർഡ് മെമ്പർമാരും നിസ്സംഗത പാലിച്ചിടത്ത് നിന്നാണ് പ്രകാശ് പൊരുതിയത് .
തോറ്റ കേരളാ കോൺഗ്രസ് സ്ഥാനാർഥി ജോർജ് വേരനാക്കുന്നേൽ വലവൂർ സഹകരണ ബാങ്കിൽ രണ്ടു കോടിയോളം രൂപാ കുടിശിഖ വരുത്തിയ അംഗമാണ് .പിണങ്ങി നിൽക്കുന്ന കേരളാ കോൺഗ്രസുകാരെയെല്ലാം അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് വലവൂർ സഹകരണ ബാങ്കിൽ നിന്നും നിസ്സാര ഈഡിന് കോടികൾ വാരിക്കോരി നൽകിയത് .അങ്ങനെയാണ് ജോര്ജും രണ്ടു കോടി കരസ്ഥമാക്കി തിരിച്ചടയ്ക്കാതെ നെഞ്ചും വിരിച്ച് നടക്കുന്നത് .വലവൂർ ബാങ്കിനെ തകർത്ത മറ്റൊരു അന്തക വിത്ത് ഇന്നലെ പാലാ നഗരസഭാ ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട തോമസ് പീറ്ററിന് അഭിവാദ്യം നൽകുകയുണ്ടായി.അതൊരു ലക്ഷണ പിശകായാണ് പലരും കാണുന്നത് .
അന്തക വിത്തുകൾക്ക് വൻ സ്വീകാര്യത നേതാക്കളിൽ നിന്നും ഉണ്ടാവുമ്പോൾ അണികൾ ഇവർക്കെതിരാവുകയാണ് .വലവൂർ സഹകരണ ബാങ്കിനെ തകർക്കുന്ന അന്തക വിത്തുകൾക്ക് അനുയായികൾ തന്നെ തിരിച്ചടി നൽകി തുടങ്ങിയത് അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് കരുതുന്നത് .അതിന്റെ ടെസ്റ്റ് ഡോസായിട്ടാണ് ഈ പരാജയത്തെ പലരും കാണുന്നത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

