കോഴിക്കോട് : എയ്‌ഡഡ് സ്‌കൂൾ അധ്യാപികയായ കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ അധ്യാപികയായ അലീന ആറ് വർഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമത്താലാണ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു.

താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജുമെൻ്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എൽ പി സ്കൂളിൽ 5 വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെൻ്റ് ജോസഫ് എൽപി സ്കൂളിലാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. ജോലിക്കായി ആറുവർഷം മുൻപ് 13 ലക്ഷം രൂപ രൂപത കോർപ്പറേറ്റ് മാനേജുമെൻ്റിന് നൽകിയതായും കുടുംബം പറയുന്നു.
വീട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള സ്കൂളിലാണ് അവസാന ഒരു വർഷം അലീന ജോലി ചെയ്തത്. സ്കൂൾ മാറ്റ സമയത്ത് ശമ്പളം വേണ്ടെന്ന് മാനേജ്മെൻ്റ് എഴുതി വാങ്ങിയെന്നും സ്കൂളിലെ അധ്യാപകർ തങ്ങളുടെ വേതനത്തിൽ നിന്ന് പിരിച്ചെടുത്ത പണമാണ് അലീനയ്ക്ക് നൽകിയിരുന്നതെന്നും വിവരമുണ്ട്.
കട്ടിപ്പാറ സ്കൂളിൽ ലീവ് വേക്കൻസിയിലാണ് അലീന ജോലിക്ക് കേറിയത്. ഇവിടെ നിയമനത്തിന് സാധ്യതയില്ലായിരുന്നിട്ടും മാനേജ്മെൻ്റ് സ്ഥിര നിയമനത്തിന് സാധ്യതയുണ്ടെന്ന് വാഗ്ദാനം നൽകിയാണ് ജോലി നൽകിയതത്രെ!. എന്നാൽ അവധിക്ക് പോയ അധ്യാപിക തിരികെ വന്നതോടെ അലീനയെ വീടിന് അടുത്തുള്ള സ്കൂളിൽ നിന്ന് കോടഞ്ചേരിയിലേക്ക് മാറ്റി. ഇവിടെയും സ്ഥിര നിയമനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അലീന ജീവനൊടുക്കിയത്.
സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഇരയാണ് ആത്മഹത്യ ചെയ്‌ത അലീന ബെന്നിയെന്ന് കേരളാ കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് ആരോപിച്ചു .അതേസമയം മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയാണ് എന്റെ മകൾ ഇല്ലാതായതെന്നു അലീനയുടെ പിതാവ് ആരോപിച്ചു .മകൾക്ക് 100 രൂപാ പോലും ശമ്പളമായി നൽകിയിട്ടില്ല എന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു .
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

