അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ 118 ഗ്രാം MDMA പിടികൂടി മൂന്ന് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരിപ്പൂർ സ്വദേശി സജു സൈജു(21 വയസ്), ആര്യനാട് സ്വദേശി ആദിത്യൻ(21 വയസ്), പൂവച്ചൽ സ്വദേശി ദേവൻരാജ്(22 വയസ്) എന്നിവരാണ് മയക്കുമരുന്നുമായി അറസ്റ്റിലായത്. 15 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്നും കഴക്കൂട്ടത്തേയ്ക്ക് വന്ന സ്വകാര്യ ബസിൽ നിന്നാണ് ഇവരെ പിടികൂടിയത്.

എക്സൈസ് ഇൻസ്പെക്ടർ ബിനോയുടെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ രാധാകൃഷ്ണൻ, ജസ്റ്റിൻ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അലക്സ്, വിപിൻദാസ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

