പ്രവിത്താനം.– ഭരണങ്ങാനം പഞ്ചായത്തിൽ പ്രവിത്താനം – ഉള്ളനാട് പി.ഡ്ബ്‌ള്യൂ. ഡി റോഡിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുള്ള കൊടുംവളവ് നിവർത്താൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകി സഹോദരങ്ങൾ മാതൃകയായി. ഒറ്റപ്ളാക്കൽ കൂര്യൻ ജോസഫ് , സഹോദരൻ ജോണി ജോസഫ് എന്നിവരാണ് സ്ഥലം വിട്ടു കൊടുക്കുന്ന സമ്മതപത്രം കൈമാറിയത്. ഉള്ളനാട് വഴി കയ്യൂർ, വലിയകാവുംപുറം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലേക്ക് പാലായിൽനിന്നും ബസുകൾ ഓടുന്ന റൂട്ടിലുള്ള കൊടുംവളവിലാണ് സ്ഥിരം അപകടമുണ്ടായിക്കൊണ്ടിരുന്നത്.

ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ബീനാ ടോമി, പഞ്ചായത്ത് മെമ്പർമാരായ ലിൻസി സണ്ണി, ജെസി ജോസ് , എൻ.എം ബിജു എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം ഉടമകൾ മാണി സി കാപ്പൻ എം.എൽ.എയെ സമീപിച്ച് സ്ഥലം വിട്ടു കൊടുക്കാനുള്ള സമ്മതം അറിയിച്ചു. മാണി സി കാപ്പൻ പൊതുമരാമത്ത് വകുപ്പ് ഉദ്യാഗസ്ഥരുമായി വിഷയം ചർച്ച ചെയ്തു. റോഡിന് വീതി കൂട്ടി സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന നിർദ്ദേശം അംഗീകരിക്കപ്പെട്ടതോടെ പ്രശ്നത്തിനു പരിഹാരമായി. സ്ഥലം ഉടമകൾ സമ്മതപത്രം പി. ഡബ്ള്യൂ.ഡി ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് എഞ്ചീനിയർ പ്രിൻസ്,
സിയ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മാണി സി. കാപ്പൻ സ്ഥലം സന്ദർശിച്ചു.. പഞ്ചായത്ത് പ്രസിഡന്റ് ബീനാ ടോമി, പഞ്ചായത്ത് മെമ്പർ ജെസി ജോസ്, ലിൻസി സണ്ണി എന്നിവരോടൊപ്പം നിരവധി നാട്ടുകാരും ചടങ്ങിൽ സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ഒറ്റപ്ലാക്കൽ സഹോദരങ്ങളുടെ മാതൃക അനുകരണീയമാണെന്നും മറ്റുള്ളവർക്കും ഇത് പ്രചോദനമാകട്ടെയെന്നും മാണി സി.കാപ്പൻ എം.എൽ.എ അഭിപ്രായപ്പെട്ടു.

