തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി ആശ വർക്കർമാർ. ആശ വർക്കർമാരുടെ പിരിച്ചുവിടൽ ഉത്തരവ് മരവിപ്പിച്ചുവെന്ന മന്ത്രിയുടെ നിലപാട് വാസ്തവ വിരുദ്ധമാണെന്ന് ആശ വർക്കർമാർ പറഞ്ഞു. സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 62 വയസ്സാണ് വിരമിക്കൽ പ്രായം. ഉത്തരവ് പിൻവലിക്കുന്നത് പരിഗണനയിലില്ല എന്ന് അണ്ടർ സെക്രട്ടറി അറിയിച്ചിരുന്നു. ആശ വർക്കർമാരുടെ അപേക്ഷയിലാണ് അണ്ടർ സെക്രട്ടറി മറുപടി നൽകിയത്. അവഗണനയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഇതെന്നും ആശ വർക്കർമാർ പറഞ്ഞു.

ആശാ വർക്കർമാരുടെ ആവശ്യത്തോട് അനുകൂലമായ സമീപനമാണ് സർക്കാരിന് ഉള്ളതെന്നായിരുന്നു നേരത്തെ ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. ആശ വർക്കർമാർക്ക് കൂടുതൽ ഓണറേറിയം നൽകുന്നത് രാജ്യത്ത് കേരളത്തിൽ മാത്രമാണ്. ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ലഭിച്ചാൽ ആവശ്യങ്ങളിൽ തീരുമാനമെടുക്കുമെന്നും ആനുകൂല്യങ്ങൾ കൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.

