
ചെങ്ങന്നൂര്‍: പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിക്കുമ്പോള്‍ നഗരസഭയിലെ ഹരിത കര്‍മ്മ സേനാംഗത്തിന് പാമ്പു കടിയേറ്റു.ഹരിത കര്‍മ്മ സേനാംഗമായ ചെങ്ങന്നൂര്‍ തിട്ടമേല്‍ തോട്ടത്തില്‍ പി.ജി. വത്സല (50) യ്ക്കാണ് പാമ്പു കടിയേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് 12:45 ഓടെ സ്‌റ്റേഡിയത്തിന് സമീപം ഹരിതകര്‍മ്മസേന എം.സി.എഫില്‍ ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിക്കുമ്പോഴാണ് ചാക്കുകള്‍ക്കിടയില്‍ പതിയിരുന്ന പാമ്പു കടിച്ചത്.
വത്സലയുടെ വലതു കൈത്തണ്ടയില്‍ കടിക്കുകയായിരുന്നു. ഉടനെ തന്നെ കൂടെ ഉണ്ടായിരുന്നവര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. 24 മണിക്കൂര്‍ നിരീക്ഷണത്തിലാക്കി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.

