Kerala

ബീഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ ബഡ്ജറ്റ് : ജോസ് കെ മാണി

 

ന്യൂഡല്‍ഹി :ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ ബജറ്റ് ആണ് ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം.പി.രാഷ്ട്രീയമായി തങ്ങള്‍ക്കൊപ്പം ഉണ്ടെങ്കില്‍ മാത്രമേ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസഹായം ഉള്ളൂ എന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട് ബഡ്ജറ്റിലൂടെയും ആവര്‍ത്തിച്ചിരിക്കുകയാണ്.ചില സംസ്ഥാനങ്ങളെ പൂര്‍ണമായും അവഗണിക്കുകയും തങ്ങള്‍ക്ക് രാഷ്ട്രീയമായി താല്‍പര്യമുള്ള സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കുകയും ചെയ്യുകയെന്ന രാഷ്ട്രീയ വിവേചന നയമാണ് കേന്ദ്ര ബജറ്റിലുടനീളം നിഴലിക്കുന്നത്.

ഇത് ഫെഡറല്‍ തത്ത്വങ്ങളുടെ നഗ്‌നമായ ലംഘനവും സ്വജനപക്ഷപാതവുമാണ്.സമുദ്രമേഖലയുടെ വികസനത്തിന് പ്രത്യേക സാമ്പത്തിക സോണുകള്‍ക്ക് 25000 കോടി രൂപ നീക്കിവെച്ചത് ബ്ലൂ ഇക്കോണമി പോളിസിയുടെ മറവില്‍ വലിയ തോതില്‍ തീരദേശ മണല്‍ ഖനന ലോബിയെ സഹായിക്കാനാണ്.ഇത് വലിയ തോതില്‍ മത്സ്യ സമ്പത്ത് ഇല്ലാതാകുന്നതിനും പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുന്നതിനും കാരണമാകും. കേരളം എന്ന സംസ്ഥാനത്തെയും കേരളം ഉന്നയിച്ച ആവശ്യങ്ങളെയും പൂര്‍ണ്ണമായും ബഡ്ജറ്റില്‍ തമസ്‌കരിച്ചു .കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 25,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചില്ല.

കേരളത്തിലെ പശ്ചിമഘട്ട താഴ്‌വരകളില്‍ വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലയിലുള്ള ലക്ഷക്കണക്കിന് ആളുകള്‍ അനുഭവിക്കുന്ന നിത്യജീവിത പ്രശ്‌നമാണ് വന്യജീവി ആക്രമണം. ഇത് തടയുന്നതിന്1000 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് മുന്‍പാകെ സമര്‍പ്പിച്ചത്.ഒരു രൂപ പോലും ഇതിനായി ബഡ്ജറ്റില്‍ നീക്കി വെച്ചിട്ടില്ല.റബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായി 1000 കോടി രൂപയുടെ റബര്‍ താങ്ങു വില പദ്ധതിയും അവഗണിച്ചു.ബീഹാറിന് വാരിക്കോരി നല്‍കിയപ്പോള്‍ 2000 കോടി രൂപ വയനാട് ജില്ലയിലെ പ്രളയ ദുരന്ത ബാധിത പ്രദേശത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി ആവശ്യപ്പെട്ടത് ബഡ്ജറ്റില്‍ നിരാകരിച്ചിരിക്കുകയാണ്.രാജ്യത്തിന് തന്നെ അഭിമാനമായി മാറേണ്ട വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നടത്തിപ്പിന് ആവശ്യപ്പെട്ട തുകയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടില്ല.കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് ഇത്തവണയും സംസ്ഥാനത്തിന് നിഷേധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top