ആഗോളസമൂഹം മൂന്നാം ലോക മഹായുദ്ധത്തിൻ്റെ വക്കിലാണെന്ന് റഷ്യൻ പ്രതിരോധ സമിതി അംഗം മിഖായേൽ ഷെറെമെറ്റ് . റഷ്യൻ വാർത്താ ഏജൻസിയായ ആഐഎയാണ് റഷ്യൻ പാർലമെൻ്റ് അംഗം കൂടിയായ ഷെറെമെറ്റിൻ്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റഷ്യ–യുക്രെയ്ൻ യുദ്ധത്തിലെ വൈദേശിക ഇടപെടലുകൾ ചൂണ്ടിക്കാട്ടിയാണ് വെളിപ്പെടുത്തൽ. സംഘർഷം ഒരു പ്രാദേശിക പ്രശ്നം മാത്രമല്ല ആഗോള വിപത്തിലേക്ക് നീങ്ങുന്ന ഒന്നാണെന്നുമാണ് റഷ്യൻ എംപിയുടെ പ്രസ്താവന.
ആക്രമണങ്ങളിൽ യുക്രെയിൻ ഉപയോഗിക്കുന്ന പാശ്ചാത്യ നിർമിത ആയുധങ്ങളും മിസൈലുകളും റഷ്യക്കെതിരായ വിദേശ ഗൂഡാലോചനയുടെ ‘അനിഷേധ്യമായ തെളിവ്’ ആണെന്ന് മിഖായേൽ ഷെറെമെറ്റ് പറഞ്ഞു. ഇസ്വെസ്റ്റിയ പത്രത്തിന് നൽകിയ അഭിമുഖത്തിൽ നാറ്റോയും പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളുമാണ് യുക്രെയിൻ്റെ നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്തതെന്ന് പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെ അടുത്ത അനുയായി നിക്കോളായ് പത്രുഷേവും പറഞ്ഞിരുന്നു. ഈ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വ്യക്തമായ തെളിവുകളൊന്നും അദ്ദേഹം നൽകിയിട്ടില്ല.
പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടൽ ചൂണ്ടിക്കാട്ടി വിഷയത്തെ ഒരു വിശാല എറ്റുമുട്ടലായി വ്യാഖ്യാനിക്കാനുള്ള റഷ്യന്‍ നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രസ്താവനകളെന്നാണ് വിലയിരുത്തലുകൾ. വെള്ളിയാഴ്ച ഉത്തരകൊറിയൻ പ്രസിഡൻ്റ് കിം ജോങ് ഉൻ റഷ്യയുമായുള്ള സഹകരണം ശക്തമാക്കുമെന്ന് ആവർത്തിക്കുകയും “സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള വിശുദ്ധ യുദ്ധത്തിൽ” മോസ്കോ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.