കൊച്ചി: ഇനി മുതൽ വിദേശത്ത് വിവാഹിതരായവർക്ക് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയിൽ വിവാഹ രജിസ്ട്രേഷൻ സാധ്യമല്ലെന്ന് ഹൈകോടതിയുടെ ഉത്തരവ്. ഇത്തരത്തിലുള്ള വിവാഹങ്ങൾ ഫോറിൻ മാര്യേജ് ആക്ടിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി.

വിവാഹം വിദേശത്ത് വെച്ച് നടന്നെങ്കിലും പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയ ദമ്പതികൾക്ക് വിദേശത്തേക്ക് പോകാതെ തന്നെ ഓൺലൈൻ വഴി ഫോറിൻ മാര്യേജ് ആക്ടിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാൻ ജസ്റ്റിസ് സി എസ് ഡയസ് അനുമതി നൽകി. തൃശൂർ സ്വദേശി പി ജി വിപിനും ഇന്തോനേഷ്യൻ യുവതിയായ ഭാര്യ മാഡിയ സുഹർകയും നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

2014ൽ ഇന്തോനേഷ്യയിൽ വിവാഹിതരായ ഇവർ നിലവിൽ തൃശൂരിലാണ് താമസം. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷ നിരസിച്ചതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഇന്ത്യയിൽ വിവാഹം നടത്താത്തതിനാൽ സ്പെഷൽ മാര്യേജ് ആക്ട് ബാധകമല്ലെന്നും വിദേശത്ത് നടന്ന വിവാഹമായതിനാൽ ഫോറിൻ മാര്യേജ് ആക്ടാണ് ബാധകമാവുകയെന്നും കോടതി മറുപടി നൽകി.
ഹർജിക്കാരുടെ വിവാഹ സർട്ടിഫിക്കറ്റ് ഇന്തോനേഷ്യയിലെ ഇന്ത്യൻ എംബസി അറ്റസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഫോറിൻ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഓൺലൈനിൽ ഇതിന് കോടതി അവസരം നൽകിയത്. ഇതിനാവശ്യമായ സഹായം ചെയ്തുനൽകാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകിയിട്ടുണ്ട്.

