നടി അഭിനയ വിവാഹിതയാകുന്നു. ചെറുപ്പകാലം മുതലുള്ള സുഹൃത്താണ് വരൻ. 15 വർഷത്തെ സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തുന്നത്. വിവാഹ നിശ്ചയ മോതിരം അണിഞ്ഞ കൈകളുടെ ചിത്രം പങ്കുവെച്ചാണ് നടി സന്തോഷവാർത്ത അറിയിച്ചത്. ‘മണികൾ മുഴങ്ങട്ടെ, അനുഗ്രഹവർഷമുണ്ടാകട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കംകുറിക്കുന്നു’ എന്നാണ് അഭിനയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

നാടോടികൾ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ബിഗ് സ്‌ക്രീനിലെത്തുന്നത്. 2009ൽ പുറത്തിറങ്ങിയ സിനിമയിൽ പവിത്ര എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. തുടർന്ന് ഏഴാം അറിവ്, വീരം, തനി ഒരുവൻ, സീതാരാമം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ലാൽ നായകനായ ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ് എന്ന സിനിമയിലൂടെയാണ് അഭിനയ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. ജോജു ജോർജ് ചിത്രം ‘പണി’യിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. സിനിമയിൽ ഗൗരി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്
ജന്മനാ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത അഭിനയ ട്രാൻസ്‌ലേറ്ററുടെ സഹായത്തോടെ സംഭാഷണങ്ങൾ മനഃപാഠമാക്കി കൃത്യമായ ടൈമിങ്ങിൽ ഡയലോഗുകൾ അവതരിപ്പിച്ചാണ് അഭിനയ സിനിമയിൽ അഭിനയിക്കുന്നത്. സുന്ദർ സി സംവിധാനം ചെയ്യുന്ന നയൻതാര ചിത്രം മൂക്കുത്തി അമ്മൻ 2 ലും നടി ഭാഗമാകുന്നുണ്ട്

