Kerala

ട്രെയിനിൽ യാത്രക്കാരനെ പാമ്പ് കടിച്ച സംഭവം; റെയിൽവേക്കെതിരെ ഗുരുതര ആരോപണവുമായി യാത്രക്കാരുടെ സംഘടന

പാലക്കാട്: ഗുരുവായൂർ–മധുര പാസഞ്ചറിൽ യാത്രക്കാരനെ പാമ്പ് കടിച്ച സംഭവത്തിന് പിന്നാലെ റെയിൽവേക്കെതിരെ ഗുരുതര ആരോപണവുമായി റെയിൽവേ യാത്രക്കാരുടെ സംഘടന. ഒരു ട്രെയിനിലും കൃത്യമായ ശുചീകരണ പ്രവൃത്തികൾ നടത്തുന്നില്ലെന്നും, എസി കോച്ചുകൾക്ക് നൽകുന്ന പരിഗണന, മറ്റ് കോച്ചുകൾ ശുചീകരിക്കുന്നതിന് റെയിൽവേ നൽകുന്നില്ലന്നും യാത്രക്കാർ പറയുന്നു. പ്രധാനമന്ത്രിക്ക് വരെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് കോൺഫേഡറഷേൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ റിപ്പോർട്ടറിനോട് പറഞ്ഞു. ഇന്നലെ രാവിലെയാണ് ഗുരുവായൂർ–മധുര പാസഞ്ചറിൽ സഞ്ചരിക്കവെ തമിഴ്നാട് തെങ്കാശി സ്വദേശി കാർത്തിക് സുബ്രഹ്മണ്യത്തിന് പാമ്പ് കടിയേറ്റത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാർത്തികിനുണ്ടായ അനുഭവം പുറത്ത് വന്നതോടെയാണ്, റെയിൽവേയിലെ ശുചിത്വമില്ലായ്മക്കെതിരെ കൂടുതൽ പേർ രംഗത്തെത്തിയത്. ട്രെയിനുകളിലെ ശുചീകരണ പ്രവൃത്തികൾ നടത്താൻ കരാർ എടുത്തിട്ടുള്ള സ്വകാര്യ ഏജൻസികൾ, ശുചീകരണം കൃത്യമായ ഇടവേളകളിൽ ചെയ്യാറില്ലെന്ന് കോൺഫേഡറഷേൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ റിപ്പോർട്ടറിനോട് പറഞ്ഞു. കരാർ പ്രകാരമുള്ള തൊഴിലാളികളെ നിയമിക്കാതെ, ഏജൻസികൾ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും സംഘടന അറിയിച്ചു. പിറ്റ് ലൈനുള്ള സ്റ്റേഷനുകളിൽ മാത്രമാണ് ട്രെയിനുകൾ ശുചീകരിക്കാൻ ആവശ്യമായ സൗകര്യമുള്ളത്.

എന്നാൽ പലപ്പോഴും സമയക്കുറവ് കാണിച്ച്, എസി കോച്ചുകൾ മാത്രമാണ് കരാർ തൊഴിലാളികൾ വൃത്തിയാക്കുന്നത്. മറ്റ് കോച്ചുകൾ കൃത്യമായി ശ്രദ്ധിക്കാത്തതാണ് ഇത്തരം അപകടങ്ങൾ തുടർച്ചയായി ഉണ്ടാവാൻ കാരണമെന്നും യാത്രക്കാർ പറയുന്നു. ട്രെയിനിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ ദേശീയ സംഘടന പ്രധാനമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. ലക്ഷക്കണക്കിന് സാധാരണക്കാർ നിത്യേന ആശ്രയിക്കുന്ന റെയിൽവേയിൽ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സർക്കാരും ഉദ്യോഗസ്ഥരും സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top