കൽപ്പറ്റ: വയനാട് തലപ്പുഴ ഗവണ്‍മെന്‍റ് എഞ്ചിനീയറിങ് കോളജിന് ഒരാഴ്ച അവധി നല്‍കി. തലപ്പുഴയില്‍ കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അവധി.

ഒരാഴ്ച പഠനം ഓണ്‍ലൈനില്‍ നടത്തുമെന്നാണ് അറിയിപ്പ്. കോളജ് ഹോസ്റ്റലുകളിലും തലപ്പുഴയിലെ സ്വകാര്യ ഹോസ്റ്റലുകളിലും കഴിയുന്ന വിദ്യാർത്ഥികളോട് വീടുകളിലേക്ക് മടങ്ങാൻ നിർദേശം നല്‍കി.
വരയാല്‍ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കണ്ണോത്ത്മല, 44-ാം മൈല്‍, കമ്പിപ്പാലം, തലപ്പുഴ എന്നിവിടങ്ങളിലെ ജനവാസ പ്രദേശങ്ങളിലാണ് കടുവയുടേത് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ജനങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ പ്രദേശത്ത് കൂട് സ്ഥാപിച്ചു. 14 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറകളും സ്ഥാപിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് വനഭാഗങ്ങളില്‍ നിരീക്ഷണം നടത്തുന്നുമുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകാതെ സഹകരിക്കണമെന്നും രാത്രി ഒറ്റയ്ക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കണമെന്നും വനം വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

