കൊച്ചി: കേരളത്തിന്റെ വ്യവസായ വളര്‍ച്ചയെ പ്രകീര്‍ത്തിച്ചുള്ള ലേഖനത്തില്‍ നിലപാട് മയപ്പെടുത്തി ശശി തരൂര്‍ എംപി. സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയിലൂടെ കാണുന്ന വ്യവസായ പരിസ്ഥിതിയിലെ മാറ്റത്തെക്കുറിച്ചു മാത്രമാണ് എഴുതിയതെന്ന് തരൂര്‍ വിശദീകരിച്ചു. പാര്‍ട്ടി രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അതില്‍ പറയുന്നില്ല. ലേഖനം വായിച്ചിട്ട് മാത്രം അഭിപ്രായം പറയണമെന്നും തരൂര്‍ പറഞ്ഞു.

‘ലേഖനത്തെക്കുറിച്ചുള്ള വിവാദം അതിശയിപ്പിച്ചു. സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയിലൂടെ കാണുന്ന വ്യവസായപരിസ്ഥിതിയിലെ മാറ്റം എന്നത് മാത്രം’, എന്ന വിഷയത്തെക്കുറിച്ചാണ് എഴുതിയത്. ഇതിന് തുടക്കം കുറിച്ചത് ഉമ്മന്‍ചാണ്ടിയാണെന്ന് അഭിമാനത്തോടെ പറയാന്‍ ഈ അവസരം വിനിയോഗിക്കുന്നു. സ്റ്റാര്‍ട്ടപ്പ് വില്ലേജിനെയും സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് മിഷനെയും അദ്ദേഹം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ വികസിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ അതിനെ സ്വാഭാവികമായി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്’, തരൂര്‍ വിശദീകരിച്ചു.
തന്റെ ലേഖനം കേരളത്തിന്റെ സാമ്പത്തിക അവസ്ഥയെ വിലയിരുത്താനുള്ള ശ്രമമല്ല. കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതൊക്കെ പരിഹരിക്കാന്‍ ഏറെ സമയം വേണം. എന്നാല്‍ എവിടെയെങ്കിലും ഒരു മാറ്റം കാണുമ്പോള്‍ അതിനെ അംഗീകരിക്കാതിരിക്കാനാകില്ലെന്നും തരൂര്‍ പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ വിശദീകരണത്തിന് പിന്നാലെയാണ് പുതിയ പോസ്റ്റ്.

