ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരെ അടിയന്തരമായി ടെഹ്‌റാനില്‍ നിന്ന് മാറ്റാന്‍ നീക്കം ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം.

ഇറാനില്‍ തന്നെയുളള സുരക്ഷിത കേന്ദ്രത്തിലേക്കായിരിക്കും തല്‍ക്കാലം ഇന്ത്യന്‍ പൗരന്മാരെ മാറ്റുക. വിദ്യാര്‍ത്ഥികളെ പ്രത്യേകം ബസില്‍ കൊണ്ടുപോകും. ഇതുസംബന്ധിച്ച നിര്‍ദേശം തെഹ്റാനിന് ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ട്. പതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറാനിലുണ്ടെന്നാണ് വിവരം.

എല്ലാത്തരം വിസകള്‍ ഉളളവരും ഉടന്‍ തന്നെ തെഹ്റാനില്‍ നിന്ന് മാറണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. വിദ്യാര്‍ത്ഥികളും ജോലി ചെയ്യുന്നവരും ഉള്‍പ്പെടെ എല്ലാവരും ഉടന്‍ തന്നെ തെഹ്റാനില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. സുരക്ഷാകേന്ദ്രങ്ങളിലെത്തുന്ന ഇന്ത്യന്‍ പൗരന്മാരെ ഇറാന്റെ അതിര്‍ത്തി രാജ്യങ്ങള്‍ വഴി ഒഴിപ്പിച്ച് ഇന്ത്യയിലെത്തിക്കാനാണ് ആലോചന.
ഇവരെ അര്‍മേനിയയിലേക്കോ അസര്‍ബൈജാനിലേക്കോ മാറ്റാനും തുടര്‍ന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനുമാണ് സാധ്യത. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഇറാനിലെ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു.

