മലപ്പുറം: നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് പിന്തുണയുമായി എഴുത്തുകാരുടെ കൂട്ടായ്മ. ‘തീയിൽ കുരുത്തതിനെ വെയിൽകാട്ടി പേടിപ്പിക്കേണ്ട’ എന്ന പ്രഖ്യാപനവുമായാണ് കൂട്ടായ്മ നിലമ്പൂരിൽ ഒത്തുകൂടിയത്.

മതനിരപേക്ഷ കേരളത്തിന്റെ വിജയത്തിന് സ്വരാജ് ജയിക്കണമെന്നും യുദ്ധവെറിപൂണ്ട നാളുകളിൽ ഇതുപോലെ ആർജവത്തോടെ, യുദ്ധം വേണ്ടാ എന്ന് വിളിച്ചുപറഞ്ഞ സ്വരാജിനെയാണ് നാടിന്റെ നായകനായി വേണ്ടതെന്നും കൂട്ടായ്മ വ്യക്തമാക്കി. കേരളത്തിന്റെ അഭിമാനമാണ് സ്വരാജെന്നും എഴുത്തുകാർ പറഞ്ഞു.

നിലമ്പൂർ ഐശ്വര്യ ഓഡിറ്റോറിയത്തിലെ ഇ കെ അയമു നഗറിലായിരുന്നു കൂട്ടായ്മ. പുരോഗമന കലാസാഹിത്യ സംഘമാണ് പരിപാടി സംഘടിപ്പിച്ചത്. ‘സാംസ്കാരിക കേരളം സ്വരാജിനൊപ്പം’ എന്ന പേരിൽ സംഘടിപ്പിച്ച എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഗമം നിലമ്പൂർ ആയിഷയാണ് ഉദ്ഘാടനം ചെയ്തത്. പ്രൊഫ. എം എം നാരായണൻ അധ്യക്ഷനായി.

