ആലപ്പുഴ: മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജി സുധാകരനെതിരെ അമ്പലപ്പുഴ എംഎൽഎ എച്ച് സലാം രംഗത്ത്. കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ നിർമാണം ശരിയല്ലെന്നും യുദ്ധക്കളമാക്കിയെന്നുമുള്ള ജി സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് എച്ച് സലാം രംഗത്തുവന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു എച്ച് സലാമിന്റെ പ്രതികരണം.

എംഎൽഎ എന്ന നിലയിലും സ്മാരകസമിതിയുടെ ഭാഗമായും നിന്നുകൊണ്ട് പുതിയ മന്ദിരത്തിന്റെ നിർമ്മാണത്തിൽ താൻ വ്യക്തിപരമായ ഉത്തരവാദിത്വം നിർവഹിച്ചിട്ടുണ്ട്. അമ്പലപ്പുഴ രാമവർമ്മ ചെയർമാൻ ആയിരുന്നപ്പോഴും പള്ളിപ്പുറം മുരളി ചെയർമാൻ ആയിരുന്ന കഴിഞ്ഞ സർക്കാരിന്റെ കാലത്തും സ്മാരക സമിതിയുടെ വൈസ് ചെയർമാനായി താൻ പ്രവർത്തിച്ചിരുന്നു. ആ സമയം മുതൽ സ്മാരകത്തിന്റെ വികസനത്തിന് വേണ്ടി ഏറെ താല്പര്യപൂർവ്വമാണ് താൻ പ്രവർത്തിക്കുന്നത് എന്നും എംഎൽഎ കുറിച്ചു.

ശേഷം ജി സുധാകരനെതിരെ രൂക്ഷവിമർശനം നടത്തി. അനാവശ്യങ്ങൾ പലപ്പോഴും പറയുമ്പോഴും പ്രതികരിക്കാത്തത് ഭാഷ വശമില്ലാത്തത് കൊണ്ടോ പറയാൻ അറിയാത്തത് കൊണ്ടോ അല്ല, തന്നെ പോലെയുള്ളവരുടെ ഉള്ളിൽ ബഹുമാനം അവശേഷിക്കുന്നത് കൊണ്ടാണ്. അത് ഇനിയും കളഞ്ഞുകുളിക്കരുത് എന്നും എച്ച് സലാം മുന്നറിയിപ്പ് നൽകുന്നു.

